k

'ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് എന്നെ മാറ്രുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ. അങ്ങനെ മതിയോ?'' ചോദ്യം അക്കാഡമി മുൻ ചെയർമാൻ പ്രേം കുമാറിന്റെതാണ്.

'മൂന്നര വർഷമായി അക്കാഡമിയിൽ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കുന്നതിനിടയിൽ ചുമതലയിൽ നിന്നു മാറ്റുമ്പോൾ ഔദ്യോഗികമായി അറിയിക്കണമായിരുന്നു.''- അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു..പദവി കൈമാറുമ്പോൾ നിലവിലെ ചെയർമാന്റെ സാന്നിദ്ധ്യം വേണമായിരുന്നു. എന്റെ പിൻഗാമി ലോക ചലച്ചിത്ര വേദിയിലെ പ്രമുഖനാണ്. ശബ്ദത്തിന്റെ അനന്തമായ വിസ്മയം തീർത്ത് ഓസ്കാർ നേടിയ ആളാണ്. അദ്ദേഹത്തിന് പദവി കൈമാറുന്നത് എനിക്ക് അഭിമാനമാകുമായിരുന്നു.അന്നു വൈകിട്ട് നടന്ന ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരണത്തിന് ഞാനെത്തി. അതിന്റെ ക്ഷണക്കത്തുകൾ ചെയർമാനെന്ന നിലയിൽ എന്റെ പേരിലാണ്.മന്ത്രി തന്നെ എന്നെ അകത്തേക്ക് ക്ഷണിച്ചു.

?ആശാ സമരത്തെ പിന്തുണച്ചതാണോ താങ്കൾക്ക് പദവി നഷ്ടപ്പെടുത്തിയത്

□സമരത്തെ ഞാൻ പിന്തുണച്ചെന്ന വ്യാഖ്യാനം ശരിയല്ല. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയും മന്ത്രി സജി ചെറിയാനുമൊക്കെ പങ്കെടുത്ത യോഗത്തിൽ ,ആശമാരുടെ സമരം പരിഹരിക്കാൻ ഇടപെടണമെന്നാണ് ഞാൻ പറഞ്ഞത്.കലാകാരനെന്ന നിലയിൽ മാനുഷികമായ കാര്യമാണത്.. സാങ്കേതികമായി ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. ഈ കാലാവധിക്കിടയ്ക്കാണ് ഒന്നര വർഷം മുമ്പ് എനിക്ക് ചെയർമാൻ സ്ഥാനം കൂടി നൽകിയത്. അതിനു മുമ്പ് വൈസ് ചെയർമാനായിരുന്നു. മാറ്റുന്നത് സർക്കാരിന്റെ അധികാരമാണ്. അതിൽ എനിക്ക് പരാതിയില്ല. ഒരറിയിപ്പ് മാത്രമേ ഞാൻ പ്രതീക്ഷിച്ചുള്ളൂ.

?റസൂൽ പൂക്കുട്ടി വിളിച്ചിരുന്നോ

□ ചുമതലയേറ്റ ഉടൻ എന്നെ വിളിച്ചു.. ക്ഷണമില്ലാത്തതു കൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് ഞാൻ പറഞ്ഞു.

?അക്കാഡമിയിലെ സേവനം

□മനുഷ്യനായി നിന്ന് പ്രവർത്തിച്ചു. ടി.പി.മാധവൻ ഗാന്ധി ഭവനിൽ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ ക്ഷണിച്ച് ഐ.എഫ്.എഫ്.കെയുടെ വേദിയിൽ ആദരിച്ചു. നെയ്യാറ്രിൻകര കോമളത്തെ ആദരിച്ചു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ പഴയ കാല നടൻ രാജ്മോഹൻ മരിച്ചപ്പോൾ മൃതദേഹം ആരും ഏറ്റെടുത്തില്ല. ഞാൻ ഏറ്റെടുത്തു.

?ഫിലിം ഫെസ്റ്റിവലിന് ഒരാഴ്ചയേയുള്ളൂ

□സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സഹകരണം നിറഞ്ഞ പ്രവർത്തനമാണ് കഴിഞ്ഞ തവണ മേള വിജയിപ്പിച്ചത്. അല്ലാതെ വ്യക്തിപരമായ മിടുക്കല്ല. ഇപ്പോഴത്തെ മാറ്റത്തിലും കൃത്യമായ സിസ്റ്റമുള്ളതുകൊണ്ട് നന്നായി പോകും.

?ഇനി അഭിയത്തിൽ സജീവമാകുമോ

□ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ജീവിക്കുന്നയാളല്ല. ദൈവ നിയോഗമെന്ന് കരുതി മുന്നോട്ടു പോകുന്നയാളാണ്.