പാലോട്: കോഴിത്തീറ്റ വില മുന്നേറുന്ന സാഹചര്യത്തിൽ മുട്ടക്കോഴികളെ വളർത്തുന്ന ഫാം മേഖല വൻ പ്രതിസന്ധിയിൽ. മുട്ടക്കോഴിത്തീറ്റ വില 1100 ൽ നിന്ന് 1530 ലെത്തിയതാണ് ഫാം ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ഫാം നടത്തുന്നവർക്ക് അൻപത് ദിവസം പ്രായമായ കോഴികൾക്ക് അഞ്ച് രൂപ നൽകി തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. തീറ്റയും മരുന്നും കോർപ്പറേഷൻ തന്നെ നൽകും. തീറ്റയ്ക്കും, കോഴിക്കുഞ്ഞുങ്ങൾക്കും വില വർദ്ധിച്ചിട്ടും മുട്ടയ്ക്ക് വില വർദ്ധന ഉണ്ടാകാത്തത് ഈ മേഖലയിൽ വൻ പ്രതിസന്ധിയായിട്ടുണ്ട്. ഹാച്ചറികളിൽ നിന്ന് വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 35-40 രൂപയായിരുന്നു വിലയെങ്കിൽ നിലവിൽ അൻപതിൽ കൂടുതലാണ് വില.
ആയിരം കുഞ്ഞുങ്ങളെ വളർത്തുന്ന കർഷകന് രണ്ട് ചാക്ക് തീറ്റയാണ് ദിവസവും വേണ്ടത്. വിലവർദ്ധന ഈ മേഖലയെ തകർക്കുന്ന അവസ്ഥയാണ്.
കർഷകർക്ക് നഷ്ടം
ഗ്രാമീണ മേഖലയിൽ മാത്രം പൂട്ടിയത് അൻപതോളം ഫാമുകളാണ്. ജില്ലയിലെ പല ഫാമുകളുടേയും നിയന്ത്രണം അന്യസംസ്ഥാന ലോബിക്കാണ്. ഇവരിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് ലഭിക്കുന്നത്. ഇങ്ങനെ നൽകുന്ന കോഴികളെ നിലവിൽ വളർത്തി നൽകുന്നത് കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.
കോഴിവില 158 - 160 വരെ ആയിരുന്നത് 102-110 രൂപയായി കുറഞ്ഞു.
മുട്ടക്കോഴി (നാടൻ) 150 മുതൽ 180 ആയിരുന്നത് 125-130 ആയി കുറഞ്ഞു.
കോഴിത്തീറ്റ വില (മുൻപ്) 1400ൽ ഇപ്പോൾ 2300 രൂപ.
മുട്ടക്കോഴിത്തീറ്റ വില (മുൻപ്) 1100 ഇപ്പോൾ 1530.
കോഴി ഇറച്ചിക്ക് വിലയിടിവ്
ഡിമാന്റ് കൂടിയിരുന്ന കോഴിയിറച്ചിക്ക് മത്സ്യലഭ്യതയുടെ കുറവ് മാറി മത്സ്യവരവ് വർദ്ധിച്ചതോടെ കോഴി വിൽപ്പന ഇടിഞ്ഞ നിലയിലാണ്. സ്വകാര്യ മേഖലയിൽ പൗൾട്രി ഫാം നടത്തുന്നവരാണ് ഇപ്പോൾ വൻപ്രതിസന്ധിയിലായത്.
മുട്ടവില ഉയരുന്നില്ല
മുട്ട വിലയിലെ കുറവ് കർഷകന് വൻ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തുന്നത്. മുട്ടയ്ക്ക് 2019ലെ വിലയായ 6 രൂപ തന്നെയാണ് 2025ലുമുള്ളത്.