fir

നേമം: ശാന്തിവിള താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെ കുറവുകാരണം രോഗികൾ വലയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി 700 ഓളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ.

മണിക്കൂറുകൾ കാത്തുനിന്ന് നിരാശരായി രോഗികൾ മടങ്ങുന്നത് ഇവിടെ പതിവായി മാറുന്നു.

താലൂക്കാശുപത്രിക്ക് നിശ്ചയിച്ചിട്ടുള്ള ഡോക്ടർമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും എണ്ണം പകുതിയായി വെട്ടിച്ചുരുക്കിയ നടപടിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് രോഗികൾ പറയുന്നു. അടിയന്തര ചികിത്സയാവശ്യപ്പെട്ട് രാത്രികാലങ്ങളിലും നിരവധി രോഗികളാണ് ഇവിടെയെത്തുന്നത്.

രോഗികൾക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് സഹായമായിരുന്ന ഡയാലിസിസ്‌ മെഷീൻ ആശുപത്രിയിൽ നിന്നെടുത്തുമാറ്റിയിട്ട് മാസങ്ങളോളമായി. മെഷീനില്ലാത്തതുകാരണം സ്വകാര്യ ക്ലിനിക്കിൽ വലിയ തുക നൽകി പരിശോധന നടത്തേണ്ട അവസ്ഥയുണ്ട്.

ഗൈനക്കോളജിക്കിനും, കുട്ടികൾക്കുമായി പ്രത്യേക വാർഡ് വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല. നേമം പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയിട്ടും, ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.ശാന്തിവിള ആശുപത്രിയുടെ പരാധീനതകൾ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.