
നെടുമങ്ങാട്: ബസ് കാത്തുനിന്ന യാത്രക്കാരിയെ ഓട്ടോയിൽ കയറ്റി മുഖത്ത് സ്പ്രേ അടിച്ച് ബോധം കെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. യാത്രക്കാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കളിൽ ഒരാളെ കൈയോടെ പൊക്കി പൊലീസിൽ ഏല്പിച്ചു. പിന്നാലെ,ഓട്ടോയുമായി സ്ഥലത്തുനിന്ന് മുങ്ങിയ രണ്ടാമനെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ നൗഷാദ് (31),അൽ അസർ (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് കൊക്കോതമംഗലത്തുവച്ച് മുണ്ടേല സ്വദേശിനി സുലോചന (68)യുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് മഞ്ച ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിറുത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന ഓട്ടോയിൽ കയറി. കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പിൻ സീറ്റിൽ ഉണ്ടായിരുന്ന നൗഷാദിനെ നാട്ടുകാർ പിടികൂടിയതോടെ സ്ഥലത്ത് നിന്ന് മുങ്ങിയ ഓട്ടോ ഡ്രൈവറായ അൽ അസറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.