dd

തിരുവനന്തപുരം : ആധുനിക കേരളത്തെ വാർത്തെടുത്തതിൽ മുൻനിരയിലുള്ള ഡോ.പി.പല്പുവിന്റെ പ്രതിമ തലസ്ഥാനത്ത് എത്രയും വേഗം സ്ഥാപിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഡോ.പി.പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോ.പി.പല്പുവിന്റെ 162-ാമത് ജന്മദിന വാർഷികം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.പല്പുവിന് അർഹമായ ആദരം കേരളീയ സമൂഹം ഇനിയും നൽകിയിട്ടില്ല. തിരുവനന്തപുരത്ത് എത്രയെത്ര മഹാപുരുഷൻമാരുടെ പ്രതിമ തലയുയർത്തി നിൽക്കുന്നു. അതുപോലെ സ്മാരകങ്ങളും. അത്ര പ്രാധാന്യമില്ലാത്തവർക്കും തിരുവനന്തപുരം നഗരത്തിൽ സ്ഥാനമുണ്ട്. എന്നാൽ ഡോ.പല്പുവിനായി സ്മാരകമോ പ്രതിമയോ ഇല്ലാത്തത് മഹാപരാധമാണ്. സർക്കാരുകൾ ഇതൊന്നും കാണുന്നില്ല. എന്തുകൊണ്ട് പല്പുവിനെ അവഗണിക്കുന്നു. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന് ജീവിച്ച് ഇവിടെ തന്നെ മരിച്ച അദ്ദേഹത്തെ അംഗീകരിക്കാൻ തയ്യാറാകാത്തതിൽ സർക്കാരും രാഷ്ട്രീയപാർട്ടികളും ഒരു പോലെ ലജ്ജിക്കണം. ഡോ.പല്പുവിന്റെ പ്രതിമ സ്ഥാപിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. ഡോ.പല്പുവിന്റെ മഹത്വം അടയാളപ്പെടുത്ത ജീവിതഗ്രന്ഥം ഇനിയുമില്ല. അത്തരമൊരു പുസ്തകമെഴുതാൻ ഡോ.ജോർജ്ജ് ഓണക്കൂർ തയ്യാറാകണം. ഡോ.പല്പുവിന്റെ സഹോദരങ്ങളും ഒരു പോലെ നാടിന് വേണ്ടി പ്രവർത്തിച്ചവരാണ്. അവരെയെല്ലാം ആധുനിക തലമുറ വിസ്മരിച്ചിരിക്കുന്നു. ഡോ.പല്പുവിന്റെ ജീവിതഗ്രന്ഥം തയ്യാറാക്കാൻ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു. .ഡോ.പി.പല്പു പുരസ്ക്കാരം പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന് സ്വാമി സച്ചിദാനന്ദ സമ്മാനിച്ചു.

ഡോ.ജോർജ് ഓണക്കൂർ അദധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ, വർക്കിംഗ് പ്രസിഡന്റ് നെടുംകുന്നം ഗോപാലകൃഷ്ണൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ്, വാർഡ് കൗൺസിലർ സി.എസ്.സുജാദേവി,മുൻ കൗൺസിലർ ഡി.അനിൽകുമാർ,ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി.ദീപക്, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് എസ്.സുവർണകുമാർ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, തോന്നയ്ക്കൽ ബ്ല്യൂമൗണ്ട് സ്ക്കൂൾ ചെയർമാൻ അഡ്വ.കെ.വിജയൻ എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കരിക്കകം വി.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.