gsat7r

തിരുവനന്തപുരം: മുപ്പതിനായിരം കിലോ മീറ്റർ ഉയരത്തിലേക്ക് 4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹം വിക്ഷേപിച്ച് ബഹിരാകാശത്ത് പുതുചരിത്രമെഴുതി ഇന്ത്യയും ഐ.എസ്.ആർ.ഒയും. കൂടുതൽ ഭാരം വഹിച്ചുകൊണ്ട് കൂടുതൽ ഉയരത്തിലേക്ക് പായുന്ന എൽ.വി.എം.03 റോക്കറ്റിന്റെ മിഷൻ-5 പരിപൂർണ വിജയമായിരുന്നു.

ഇതോടെ 5,300 കിലോ ഭാരവും വഹിച്ചുകൊണ്ടുള്ള ഗഗൻയാൻ വിക്ഷേപണം ഇന്ത്യൻ മണ്ണിൽ നിന്ന് നടത്താമെന്ന ആത്മവിശ്വാസവും ഇരട്ടിച്ചു.

നാവികസേനയ്‌ക്കായുള്ള വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്.03 എന്ന ജി.സാറ്റ് 7ആറാണ് ഇന്നലെ വിക്ഷേപിച്ചത്.

വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് 16മിനിറ്റിൽ പിഴവുകളില്ലാതെ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 36,​000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിരഭ്രമണപഥത്തിലാണ് ഇത് സ്ഥാപിക്കേണ്ടത്.

ആറായിരം കിലോമീറ്റർ കൂടി മുകളിലേക്ക് ഉയർത്താനുള്ള നടപടികൾ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.എസ്.ആർ.ഒയുടെ ബയ്യലാലു മിഷൻ കൺട്രോൾ കേന്ദ്രം ആരംഭിച്ചു.

സുരാക്ഷാകാരണങ്ങളാൽ 29,​970 കിലോമീറ്ററിലേക്കാണ് ഇന്നലെ ജിസാറ്റ് 7ആറിനെ വിക്ഷേപിച്ചത്. തുടർന്ന് ഉപഗ്രഹത്തിലെ ബൂസ്റ്ററുകളിലെ ഇന്ധനം ജ്വലിപ്പിച്ച് ഭ്രമണപഥം ഉയർത്തുകയായിരുന്നു.

ആദ്യമായാണ് നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹം 30,000കിലോമീറ്റർ മുകളിലേക്ക് ഇന്ത്യ വിക്ഷേപിക്കുന്നത്.

 ഗഗൻയാൻ ഇന്ത്യയിൽ വിക്ഷേപിക്കാം

ജി.സാറ്റ് 7ആറിന്റെ വിക്ഷേപണ വിജയത്തോടെ 36,​000 കിലോമീറ്റർ വരെ എത്തിക്കേണ്ട വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങൾക്ക് വിദേശസഹായം തേടുന്നത് ഇന്ത്യയ്‌ക്ക് ഒഴിവാക്കാം. ഗഗൻയാൻ ഉൾപ്പെടെയുള്ള ഭാരമേറിയ ഉപഗ്രഹവിക്ഷേപണങ്ങൾ ഇന്ത്യയിൽ നടത്താം. 5,300കിലോഗ്രാമുള്ള ഗഗൻയാൻ ക്രൂമൊഡ്യൂൾ ഭൂമിയിൽ നിന്ന് 400കിലോമീറ്റർ ഉയരത്തിലാണ് വിക്ഷേപിക്കേണ്ടതെങ്കിലും മനുഷ്യ പേടകമായതിനാൽ കൂടുതൽ ശേഷിയുള്ള റോക്കറ്റ് ഉപയോഗിക്കണം. ഇന്നലത്തെ വിജയത്തിലൂടെ എൽ.വി.എം.03 റോക്കറ്റ് ഗഗൻയാൻ ദൗത്യത്തിനുള്ള കരുത്തും തെളിയിച്ചു.