d

തിരുവനന്തപുരം: അതിർത്തി പുനർവിഭജനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വർദ്ധിച്ച സാഹചര്യത്തിൽ സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണമാണ് പുനഃക്രമീകരിച്ചത്. പഞ്ചായത്തുകളിലേതും വൈകാതെ ഉണ്ടാകും. വാർഡ് പുനർനിർണയത്തിനുശേഷം മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26ഉം കൂടിയത് 53 വാർഡുമാണുള്ളത്. വാർഡുകൾ വർദ്ധിക്കുന്നതിനനുസരിച്ച് സ്ഥിരംസമിതിയുടെ അംഗബലവും കൂടും.

26 വാർഡുള്ള മുൻസിപ്പാലിറ്റികളിൽ,​ ധനകാര്യ സ്ഥിരംസമിതിയിൽ ചെയർപേഴ്സൺ ഉൾപ്പെടെ ഏഴും വികസനം, ക്ഷേമം, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതികളിൽ ആറുവീതവും അംഗങ്ങളുണ്ടാകും. 53 വാർഡുകളുള്ള മുൻസിപ്പാലിറ്റികളിലെ സ്ഥിരംസമിതിയിൽ 13 അംഗങ്ങൾ വീതമാകും.


കോർപ്പറേഷനുകളിൽ 56 മുതൽ 101 വരെ വാർഡുകളാണുള്ളത്. 56 വാർഡുള്ള കോർപ്പറേഷനിൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ ആറും മറ്റ് സമിതികളിൽ ഏഴും അംഗങ്ങളായിരിക്കും. 101 വാർഡുള്ള കോർപ്പറേഷനിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം സമിതികളിൽ 13ഉം മരാമത്ത്, നഗരാസൂത്രണം, നികുതി, വിദ്യാഭ്യാസ സമിതികളിൽ 12 അംഗങ്ങളുമായിരിക്കും. തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെ സംവരണവും ഉടൻ തീരുമാനിക്കും.