
തിരുവനന്തപുരം: കാവാലം സംസ്‌കൃതിയുടെ നാലാമത് 'അവനവൻ കടമ്പ" പുരസ്കാരത്തിന് പ്രമുഖ പടയണി കലാകാരൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള അർഹനായി. 8ന് വൈകിട്ട് വെള്ളയമ്പലം വിസ്‌മയാസ് മാക്‌സ് ക്യാമ്പസിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പുരസ്‌കാരം നൽകും.
വിഖ്യാത നാടകകൃത്തും സംവിധായകനുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധ നാടകമായ അവനവൻ കടമ്പയുടെ അവതരണത്തിന്റെ 50-ാം വർഷത്തിന്റെ ഭാഗമായാണ് പുരസ്കാരം നൽകുന്നത്. കാവാലം സംസ്കൃതി, കാവാലം സ്കൂൾ ഒഫ് മ്യൂസിക്, സെന്റർ ഫോർ ആർട് ആൻഡ് കൾച്ചറൽ സ്റ്റഡീസ്, വിസ്‌മയാസ് മാക്‌സ് അനിമേഷൻസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അവനവൻ കടമ്പ അവതരണം, ആർ.എൽ.വി.രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, പെരിങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ താള സാമന്വയം, കാവാലത്തിന്റെ 'ഒറ്റമുലച്ചി" നാടകത്തിന്റെയും പാട്ടുകളുടെയും അവതരണം എന്നിവ നടക്കും.