f

തിരുവനന്തപുരം: സർക്കാരിന്റെ വ്യവസ്ഥകൾ അംഗീകരിച്ച് കർഷകരിൽ നിന്നും നെല്ല് സംഭരണത്തിന് കൂടുതൽ മില്ലുടമകൾ രംഗത്തെത്തിയതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

മന്ത്രി മില്ലുടമകളുമായി വെവ്വേറെ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇന്നു മുതൽ നെല്ല് സംഭരണം ഊർജ്ജിതമാക്കും.

അതേസമയം, ആലപ്പുഴയിൽ ഒരു മില്ലുടമയാണ് നെല്ല് ശേഖരിക്കാൻ തയ്യാറായത്.

മാറി നിൽക്കുന്ന മില്ലുടമകൾ ഇന്നു മുതൽ നെല്ല് ശേഖരിക്കാൻ തയ്യാറായില്ലെങ്കിൽ അവരെ ഒഴിവാക്കി നാളെ മുതൽ നെല്ല് സംഭരണം ഊർജ്ജിതമാക്കാനാണ് സർക്കാർ ശ്രമം. പാലക്കാട് ജില്ലയിൽ വീടുകളിലും ഗോഡൗണുകളിലുമായി ശേഖരിച്ചിരിക്കുന്ന നെല്ലിന് 'പച്ചചീട്ട്' നൽകും. നെല്ല് എടുത്തതായി കാണിച്ച് നൽകുന്ന രേഖയാണിത്. പച്ചചീട്ട് നൽകുന്ന നെല്ല് ഏറ്റെടുക്കും.

മില്ലുടമകളുടെ സംഘടനകളുടെ നിസഹരണം മുതലാക്കി ചില മില്ലുടമകൾ നേരിട്ട് പാലക്കാട് കർഷകരിൽ നിന്നും കിലോഗ്രാമിന് 20, 22 രൂപയ്ക്ക് നെല്ല് വാങ്ങാൻ ആരംഭിച്ചിരുന്നു. സർക്കാർ മുഖേന നെല്ല് ശേഖരിക്കുമ്പോൾ കർഷകർക്ക് 30 രൂപ ലഭിക്കും. ഇത് അവസാനിപ്പിക്കാനാണ് സർക്കാർ പച്ചച്ചീട്ട് നൽകുന്നത്.

8000 ഹെക്ടർ സ്ഥലത്താണ് കുട്ടനാട്ടിൽ രണ്ടാം കൃഷി . 40000 ടൺ നെല്ലെങ്കിലും ഉണ്ടാകുമെന്ന് കർഷകർ പറയുന്നു. മഴയിൽ പല പാടശേഖരങ്ങളിലും നെല്ല് പാടത്ത് വീണു. സംഭരണം എന്നു നടക്കും എന്നറിയാത്തതിനാൽ കൈനകരിയില പാടശേഖരങ്ങളിൽ കൊയ്ത്ത് നീട്ടിവച്ചു. കൂടുതൽ മില്ലുകളെ സംഭരണത്തിന് നിയോഗിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ നെല്ലെടുപ്പ് പൂർത്തിയാക്കുകയും ചെയ്യാതെ പ്രതിസന്ധി ഒഴിയില്ല.

'' കൊയ്തെടുക്കുന്ന നെല്ലെല്ലാം സർക്കാർ സംഭരിക്കും''

- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി