വിതുര: വിതുര പഞ്ചായത്തിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. തൊളിക്കോട് പഞ്ചായത്തിലെ അവസ്ഥയും വിഭിന്നമല്ല. വാമനപുരം നദിയിൽ നിന്നും പമ്പ് ചെയ്യുന്ന ആയിരക്കണക്കിന് ലിറ്റർജലം പഴായി ഒഴുകിയിട്ടും നടപടികളില്ല. മിക്കമേഖലകളിലും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെയും ഓടകളിലൂടെയും ഒഴുകുന്നത് ദൃശ്യമാണ്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്കേറിയ വിതുര കലുങ്ക് ജംഗ്ഷനിൽ ഒരാഴ്ച പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ പാഴായി ഒഴുകുകയായിരുന്നു. ഇതുസംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പൈപ്പ് ലൈൻ നന്നാക്കി. ജംഗ്ഷനിൽ അടുത്തിടെ അഞ്ചതവണ പൈപ്പ് പൊട്ടിഒഴുകിയിരുന്നു. പൈപ്പ് പൊട്ടിയാൽ കുടിവെള്ളം ലഭിക്കാതെവന്നാൽ ഹോട്ടലുകളും മറ്റ് കച്ചവട സ്ഥാപനങ്ങളും അടച്ചിടേണ്ട സ്ഥിതി സംജാതമാകും. ദിവസങ്ങളോളം പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകിയാലും നിശ്ചിതസമയത്ത് നന്നാക്കാറില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് പൊട്ടിയൊഴുകുന്നത്. കാലപ്പഴക്കംചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
കുടിവെള്ളക്ഷാമവും
അതേസമയം പൈപ്പ്പൊട്ടി കുടിവെള്ളം പാഴായി ഒഴുകുമ്പോഴും വിതുര തൊളിക്കോട് മേഖലയിൽ ശുദ്ധജലം ലഭിക്കാതെ ജനം വലയുന്ന അവസ്ഥയാണ്. തൊളിക്കോട് തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ അടിക്കടി പൈപ്പ് ജലവിതരണം തടസപ്പെടും. പൈപ്പുജലത്തെ മാത്രം ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. പൈപ്പ് പൊട്ടിഒഴുകുന്ന മേഖലകളിലും കുടിവെള്ളം ലഭിക്കാറില്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ഇപ്പോഴും പൈപ്പ് പൊട്ടി ഒഴുകുന്നുണ്ട്. മഴപെയ്യുമ്പോഴും വെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.
വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ശോച്യാവസ്ഥയിലായ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഫ്രാറ്റ് വിതുര മേഖലാ കമ്മിറ്റി നിവേദനം നൽകിയിരുന്നു.