afsal

കല്ലറ: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കവർച്ചകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്നുപേരെ സാഹസികമായി പിടികൂടി പാങ്ങോട് പൊലീസ്. കല്ലറ കെ.ടി കുന്ന് സ്വദേശി മുഹമ്മദ് ഖാൻ (32), കടയ്ക്കൽ ചിതറ സ്വദേശി അഫ്സൽ (32), നെടുമങ്ങാട് തൊളിക്കോട് സ്വദേശി സമീർ (28) എന്നിവരാണ് പിടിയിലായത്.

കല്ലറ കെ.ടി. കുന്ന് പച്ചയിൽ മുക്കിൽ മുല്ല മൻസിലിൽ സൈബയുടെ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതികളെ പിടികൂടിയത്. പാങ്ങോട് കൊച്ചാലുംമൂട്ടിൽ ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന നാനൂറോളം റബർ ഷീറ്റും സംഘം മോഷ്ടിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ശനിയാഴ്ച വാടയ്ക്കെടുത്ത സ്വിഫ്റ്റ് കാറിൽ മറ്റൊരു മോഷണത്തിനു പോകുന്നതിനിടയിൽ സ്വകാര്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെക്കണ്ട് പ്രതികൾ അമിത വേഗത്തിൽ പാഞ്ഞെങ്കിലും കടയ്ക്കൽ മുക്കുന്നം ഭാഗത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ തടയാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വന്ന വാഹനം ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതികളെ ചുണ്ട ഭാഗത്തു വച്ച് സാഹസികമായാണ് പിടികൂടിയത്.

വർക്കല, കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോഴിവണ്ടിയിൽ ജോലിചെയ്യുന്ന പ്രതികൾ പകൽ സമയങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവയ്ക്കുകയും രാത്രികാലങ്ങളിൽ വാടകയ്ക്കെടുക്കുന്ന കാറിലെത്തി മോഷണം നടത്തുകയുമാണ് പതിവ്. മോഷണമുതലുകൾ വിറ്റ് ആർഭാടജീവിതം നയിക്കുകയാണ് ഇവരുടെ രീതി.

പാങ്ങോട് എസ്. എച്ച്. ഒ ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായർ,ജോയ്, സി.പി.ഒ നിസാർ,ബിനു,സുധീർ,ഹരി,എസ്.സി.പി ഒ മാരായ നസീം, സുജിത്ത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളെ കേടതിയിൽ ഹാജരാക്കി.

ഫോട്ടോ: പ്രതികൾ.