a

കടയ്ക്കാവൂർ: നെടുങ്ങണ്ട ടി.എസ് കനാലിന്റെ രണ്ടാം പാലം മുതൽ അഞ്ചുതെങ്ങ് കായലിൽ ചെന്നെത്തുന്ന സ്ഥലം വരെ മാലിന്യ കൂമ്പാരമാണ്. മണൽവാരുന്നതും വാരിയ മണൽ നീക്കം ചെയ്യാൻ ടോറസ് പോലുള്ള വാഹനങ്ങൾക്കായി അരിവാളം ഭാഗത്ത് കനാലിന് കുറുകെ തടയണകൾ നിർമ്മിച്ചതും നീരൊഴുക്കിനെ തന്നെ ബാധിച്ചു. നൂറുകണക്കിന് ലോഡ് മണൽ നീക്കം ചെയ്തതശേഷവും തടയണകൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. കൂടാതെ മരങ്ങളും മറ്റും കനാലിലേക്ക് വീണ് കിടക്കുന്നതും ഒഴുക്കിനെത്തന്നെ ബാധിച്ചു. നെടുങ്ങണ്ട അരിയിട്ട കുന്നിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്ന മണ്ണ് ഒന്നാം പാലത്തിന് സമീപം വന്ന് അടിഞ്ഞുകൂടി കനാലിന്റെ ആഴം കുറച്ചതും ഒഴുക്ക് തടസ്സപ്പെടുത്തി.

കൊതുകിന്റെ വിഹാരകേന്ദ്രം

മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശം കൊതുകുകളുടെ വിഹാരകേന്ദ്രമായി. മുൻകാലങ്ങളിൽ തൊണ്ടഴുക്കാനുള്ള വട്ടങ്ങൾ കനാലിനോടുചേർന്നുണ്ടായിരുന്നു. അന്ന് മാലിന്യങ്ങൾ വലിച്ചെറിയാതെ അവ സംരക്ഷിക്കപ്പെട്ടു. എന്നാൽ ഇവയെല്ലാം നിലച്ചതോടെ വട്ടങ്ങൾ ആർക്കും വേണ്ടാതായി,​ കനാലും നശിക്കാൻ തുടങ്ങി. നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് കനാലിൽ കിടക്കുന്നത്. അമീബിക് മസ്തികജ്വരം പോലുളള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്ന സമയത്ത് കനാൽ വൃത്തിയാക്കാൻ അധികൃതർ ഇടപെടണം.

നടപടി സ്വീകരിക്കണം

എത്രയും പെട്ടെന്ന് തടയണ നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇല്ലെങ്കിൽ പകർച്ചാവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാർ. നിരവധി ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന സ്ഥലമായതിനാൽ പ്രശ്നപരിഹാരത്തിന് സാദ്ധ്യമായതെല്ലാം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.

പ്രതികരണം: അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയുടെ സഹായത്തോടുകൂടി നീക്കംചെയ്ത് സംസ്കരണത്തിനുളള നടപടികൾ സ്വീകരിക്കണം.

ഉണ്ണികൃഷ്ണൻ, മുൻ പഞ്ചായത്തംഗം