e

ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം ട്രെയിൻ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉണർത്തുന്നതാണ്. ഷൊർണൂരിൽ വനിതാ കമ്പാർട്ട്മെന്റിൽ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സൗമ്യ എന്ന യുവതിയുടെ അതിദാരുണമായ അന്ത്യം ഒരിക്കൽക്കൂടി ജനങ്ങളുടെ ഓർമ്മയിലേക്ക് ഈ സംഭവവും കൊണ്ടുവരുന്നു. അതിനുശേഷം ട്രെയിനുകളിൽ പല സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നെങ്കിലും തുടർന്നുണ്ടായ പല അക്രമസംഭവങ്ങളും തെളിയിക്കുന്നത് ട്രെയിനുകളിലെ സുരക്ഷാ പ്രഖ്യാപനം ഫലപ്രദമല്ല എന്നുതന്നെയാണ്. വർക്കലയിൽ പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ട പത്തൊൻപതുകാരിയായ തിരുവനന്തപുരം പാലോട് സ്വദേശി സോനു നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മെഡി. കോളേജ് ആശുപത്രിയിൽ കഴിയുകയാണ്.

ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്‌പ്രസിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മദ്യലഹരിയിൽ വധശ്രമം നടത്തിയ പ്രതി പാറശ്ശാല സ്വദേശി സുരേഷ്‌കുമാർ എന്ന നാൽപ്പത്തിയെട്ടുകാരനെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ വർക്കലയിൽ നിന്ന് ജനറൽ കമ്പാർട്ടു‌മെന്റിൽ കയറിയത്. ഇയാളുടെ മോശമായ പെരുമാറ്റത്തെ സോനുവും കൂട്ടുകാരി അർച്ചനയും ചോദ്യം ചെയ്തു. അതിനുശേഷം ഇവർ ട്രെയിനിന്റെ ടോയ്‌ലെറ്റിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തിയ പ്രതി സോനുവിനെ ചവിട്ടി പുറത്തിടുകയായിരുന്നു. അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചെങ്കിലും വാതിലിന്റെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടന്നതിനാൽ മറ്റു യാത്രക്കാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിനു സമീപം കുറ്റിക്കാട്ടിൽനിന്ന് അബോധാവസ്ഥയിൽ സോനുവിനെ കണ്ടെത്തിയത്.

പെൺകുട്ടികൾ യാത്രചെയ്‌തിരുന്ന ജനറൽ കമ്പാർട്ട്മെന്റിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ ഓരോ ട്രെയിനിലും മതിയായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാൽ യാത്രക്കാർക്ക് ഇത്തരം മോശമായ പെരുമാറ്റം നടത്തുന്നവരോട് തർക്കിക്കേണ്ടിവരില്ല. പകരം പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ മതിയാവും. അംഗബലമില്ലാത്ത സാഹചര്യത്തിൽ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതെന്നാണ് ആർ.പി.എഫിന്റെ വിശദീകരണം. അക്രമസംഭവങ്ങളും മോഷണങ്ങളും മറ്റും കൂടുതൽ നടക്കുന്നത് ജനറൽ കമ്പാർട്ടുമെന്റുകളിലാണ്. റിസർവ് കമ്പാർട്ട്മെന്റിൽ കയറുന്നവർക്ക് കൃത്യമായ രേഖകൾ ഉണ്ടായിരിക്കും. ജനറൽ കമ്പാർട്ട്മെന്റിലെ സ്ഥിതി അതല്ല. ആർക്കും ടിക്കറ്റെടുത്ത് അവിടെ കയറാം. അതിനാൽ സുരക്ഷ ഏറ്റവും കൂടുതൽ ഏർപ്പെടുത്തേണ്ടത് ഇത്തരം കമ്പാർട്ടുമെന്റുകളിലാണ്. പൊലീസിൽ അംഗബലം കുറവാണെന്നത് പരിഹരിക്കേണ്ടത് യാത്രക്കാരല്ല. റെയിൽവേയുടെ ചുമതലയാണ് അത്.

അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിലില്ലാതെ കഴിയുന്ന ഒരു നാട് കൂടിയാണിത്. ഓരോ ജനറൽ കമ്പാർട്ട്‌മെന്റിലും ടോയ്‌ലെറ്റിനു സമീപം രണ്ട് പൊലീസ് സേനാംഗങ്ങൾ വീതം കാവലുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ പൂർണമായി പരിഹരിക്കാനാവും. ട്രെയിനിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ട ചുമതലയുള്ള റെയിൽവേ അധികൃതർ പൊലീസിന്റെ അംഗബലം കൂട്ടാനുള്ള നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. അതുപോലെതന്നെ,​ ഇത്തരം പരാതികളുണ്ടെങ്കിൽ അവർക്ക് പരാതി പറയാനുള്ള ഫോൺനമ്പരുകളും എല്ലാ ബോഗികളിലും പ്രാധാന്യത്തോടെ നൽകണം. ടോയ്‌ലെറ്റിനു സമീപമുള്ള,​ തുറന്നുകിടക്കുന്ന വാതിലുകളിലൂടെ വീണ് നിരവധി ജീവനുകൾ ഇതിനുമുമ്പും നഷ്ടപ്പെട്ടിട്ടുണ്ട്. 'വന്ദേഭാരതി"ലും മറ്റുമുള്ളതുപോലെ സ്റ്റേഷനിൽ മാത്രം തുറക്കുന്ന ചെയ്യുന്ന വാതിലുകൾ എല്ലാ ട്രെയിനുകളിലും സ്ഥാപിക്കുകയെന്നത് ഉടനെയൊന്നും നടക്കുന്ന കാര്യമല്ല. എന്നാൽ അത്തരം സംവിധാനം വരുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനെങ്കിലും നടപടി ഉണ്ടായില്ലെങ്കിൽ ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആവർത്തിക്കില്ലെന്ന് പറയാനാകില്ല.