
തിരുവനന്തപുരം: ''ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..'' ഇങ്ങനെ പറയുമ്പോൾ കൊടുമൺ പോറ്റി ചിരിക്കുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ചിരിയിൽ കൊലവിളിയുടെ വന്യത തെളിഞ്ഞുവരുന്നതുകാണാം.
അധികാരത്തിന്റെ ഹുങ്കോടെ നിൽക്കുന്ന കൊടുമൺപോറ്റി. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന വേഷപ്പകർച്ച. സിനിമ തീർന്നാലും 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റിയുടെ ചിരി പ്രേക്ഷകരെ പിന്തുടരും.
ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ടിൽ എത്തിയ മറ്റു നടന്മാരുടെ അഭിനയമികവ് ഒന്നൊന്നായി ജൂറി അളന്നുതൂക്കി നോക്കിയപ്പോഴും കൊടുമൺപോറ്റിയുടെ ചിരി മായാതെനിന്നു. ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ പരകായ പ്രവേശമാണ് കാണാനാവുക. എന്തുകൊണ്ട് മമ്മൂട്ടി എന്നതിന്റെ കാരണം ജൂറി വ്യക്തമാക്കുന്നത് ഇങ്ങനെ:''കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്‌കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.""
ഇത് മമ്മൂട്ടിക്ക് ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാന പുരസ്കാരമാണ്. മികച്ച നടനുളള ദേശീയ പുരസ്‌കാരം 3 തവണ ലഭിച്ചു.
74 ലും അഭിനയവസന്തം
മമ്മൂട്ടി സിനിമാനടനായിട്ട് 54 വർഷമായി. ഈ 74-ാം വയസിലും അഭിനയത്തിന്റെ പുതുവസന്തങ്ങളെ തേടിപ്പിടിക്കുകയാണ് അദ്ദേഹം. നീണ്ട കാത്തിരിപ്പിനുശേഷം 1980ൽ വിൽക്കാനുണ്ട് സ്വപ്നങ്ങളിലാണ് മമ്മൂട്ടിക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചത്. ആസാദ് സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ രചന എം.ടി.വാസുദേവൻ നായരുടേതായിരുന്നു. അവിടം മുതൽ മമ്മൂട്ടി സ്വയം മെച്ചപ്പെടുത്തി കരിയറിന് തിളക്കം കൂട്ടുകയായിരുന്നു. മേള, യവനിക, സ്ഫോടനം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, തൃഷ്ണ, മമ്മൂട്ടി ആക്ഷൻ ഹീറോയായി മാറിയ ന്യൂഡൽഹി, നായർ സാബ്, നിറക്കൂട്ട്, ശ്യാമ, അതിരാത്രം, ആവനാഴി, വാർത്ത... ഇങ്ങനെ പോകുന്നു ആ നിരയിലെ ചിത്രങ്ങൾ.
എന്തു വേഷവും മമ്മൂട്ടിക്ക് ഇണങ്ങുമായിരുന്നു. പൊലീസ് വേഷവും വീരനായകന്മാരുമെല്ലാം ഒരേ വഴക്കത്തോടെ മമ്മൂട്ടിയിൽ കുടിയിരുന്നു.
അധികാരത്തിന്റെ ഗർവുള്ള വിധേയൻ, പാവപ്പെട്ട പൊന്തൻമാട, എട്ടും പൊട്ടും തിരിയാത്ത പുട്ടുറുമീസ് (സൂര്യമാനസം) അല്പം ചട്ടമ്പിത്തരമുള്ള കോട്ടയം കുഞ്ഞച്ചൻ, തനിയാവർത്തനത്തിലെ ബാലൻ മാഷ് തുടങ്ങിയവയെല്ലാം പ്രേക്ഷകർക്ക് മായാത്ത ചിത്രമായി.