sivagiri

ശിവഗിരി : ശ്രീനാരായണീയർ ഗുരുദേവ കൃതികളെ വേദഗ്രന്ഥമായി അംഗീകരിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ-മാതൃസഭ കേന്ദ്ര സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.

പുതിയതായി കണ്ടെത്തിയത് ഉൾപ്പെടെ 76 ഗുരുദേവ കൃതികൾ ശിവഗിരി മഠം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈബിളും ഖുറാനുമെന്ന പോലെ ജനലക്ഷങ്ങൾ വേദഗ്രന്ഥങ്ങളായി ഗുരുദേവ കൃതികളെ സാംശീകരിക്കണം. ഗുരുദേവ കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ട ആത്മോപദേശശതകം ഗുരുഭക്തർ നിത്യപാരായണത്തിന് ഉപയോഗിക്കണം. ക്രമപ്രകാരം 10 ശ്ലോകങ്ങളെങ്കിലും മുടങ്ങാതെ ജപിക്കണം. ഇതിനായി നാടൊട്ടുക്ക് ആത്മോപദേശശതക സമിതികൾ രൂപീകരിക്കണം. ഗുരുദേവ കൃതികളിലൂടെ ഗുരുദേവ സ്വരൂപം സാംശീകരിക്കണം

. മലയാളത്തിന്റെ വേദഗ്രന്ഥമാണ് ആത്മോപദേശശതകമെന്ന് പ്രൊഫ. ബാലകൃഷ്ണൻ നായരും ശാസ്ത്ര ഗ്രന്ഥമെന്ന് പ്രൊഫ. എം.എച്ച്. ശാസ്ത്രികളും മലയാളത്തിന്റെ ഭഗവത്ഗീതയെന്ന് സുകുമാർ അഴീക്കോടും മലയാളത്തിന്റെ തിരുക്കുറളെന്ന് പ്രൊഫ.ലീലാവതിയും ആത്മോപദേശശതകത്തെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മനുഷ്യരുടെ മതം, ജാതി, ദൈവം എന്നിവ ഏകമാണെന്നും എല്ലാം ഒരദ്വൈത സത്യത്തിന്റെ സ്പുരണമെന്നും എല്ലാവരും ആത്മസഹോദരരാണെന്നും പഠിപ്പിക്കുന്ന ആത്മോപദേശശതകം ഏകലോക വ്യവസ്ഥിതിയുടെ പ്രാമാണിക ഗ്രന്ഥമാണ്.

എല്ലാ ദേശക്കാരും ജാതിമതഭേദമന്യേ ആത്മോപദേശശതക പാരായണ സമിതികൾ രൂപീകരിച്ച് ശിവഗിരി മഠത്തോടും ഗുരു ദർശനത്തോടും നീതി കാട്ടണമെന്ന് മാതൃസഭ കേന്ദ്ര സംഗമം പ്രഖ്യാപിച്ചു.