
ആറ്റിങ്ങൽ: കച്ചേരി ജംഗ്ഷനിൽ പഴമയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന ബാബു സ്റ്റോഴ്സിന്റെ ബഹുനില കെട്ടിടം ഓർമ്മയിലേക്ക്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ദേശീയപാതയിൽ മിനി സിവിൽസ്റ്റേഷന് എതിർവശം സ്ഥിതിചെയ്തിരുന്ന കെട്ടിടം. ഒരുകാലത്ത് ആറ്റിങ്ങൽ പട്ടണത്തിൽ തലയുയർത്തി നിന്നിരുന്ന പ്രസിദ്ധമായ സ്ഥാപനമാണ് ബാബു സ്റ്റോഴ്സ്. പ്രമുഖ തുണിക്കടകളോടൊപ്പം പിടിച്ചുനിന്നിരുന്ന സ്ഥാപനമാണിത്. ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്കാരാണ് കെട്ടിടത്തിന്റെ വിള്ളൽ കണ്ടെത്തിയത്. താഴെനിന്ന് മുകളറ്റംവരെ കെട്ടിടം വീണ്ടുകീറിയ നിലയിലായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. 8 മണി കഴിഞ്ഞതോടെ റോഡിന്റെ ഒരുവശത്ത് പൊലീസ് വാഹനഗതാഗതം നിയന്ത്രിച്ചു. 10 മണിയോടെ കെട്ടിടം പൊളിക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. പൊലീസിന് പുറമെ ഫയർഫോഴ്സ്, കെ.എസ്.ഇ.ബി സംഘവും കൂട്ടായാണ് ഏറെ അപകടകരമായ കെട്ടിടം പൊളിക്കൽ ആരംഭിച്ചത്. 11 മണി മുതൽ വൈകിട്ട് നാലര വരെ പട്ടണത്തിൽ വൈദ്യുതി വിതരണം തടസപ്പെടുത്തിയാണ് കെട്ടിടം ഇടിച്ചുനിരത്തിയത്. കെട്ടിടം ഇടിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേ നാലുമുക്ക് വരെ 6 മണിക്കൂർ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.