
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പെൻഷൻ ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി. പെൻഷൻ ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല.
മാസത്തിന്റെ ആദ്യ ആഴ്ചകളിൽ പെൻഷൻ ലഭിക്കണമെങ്കിൽ രാവിലെയെത്തി ടോക്കണെടുത്ത് കാത്തിരിക്കണം. “രാവിലെ 10ന് എത്തിയാൽ മൂന്നരയോടെയേ പെൻഷൻ ലഭിക്കൂ. പലപ്പോഴും ട്രഷറിയുടെ അകത്തും പുറത്തുമായി വലിയ തിരക്കനുഭപ്പെടാറുണ്ട്. ഇരിപ്പിടം പരിമിതമായതിനാൽ പ്രായമുള്ളവർ വളരെയധികം ബുദ്ധിമുട്ടുകയാണ്. നെറ്റ്‌വർക്ക് തകരാറുകൾ പതിവായി സംഭവിക്കുന്നതിനാൽ പെൻഷൻ വിതരണം വൈകാറുണ്ടെന്നും പെൻഷൻകാർ പറഞ്ഞു.
കൗണ്ടർ കുറവ്, സൗകര്യങ്ങളുടെ അഭാവവും
സീനിയർ സിറ്റിസൺസിന്റേതുൾപ്പെടെ ആറ് കൗണ്ടറുകൾ നിലവിലുണ്ടെങ്കിലും മൂന്ന് കൗണ്ടറുകളിൽ മാത്രമേ നോട്ടെണ്ണൽ മെഷീനുള്ളൂ. അതിനാൽ ഇടപാടുകൾ മന്ദഗതിയിലാണ്. ക്യാഷ് എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ പിശക് സംഭവിച്ചാൽ ഉദ്യോഗസ്ഥർ സ്വന്തം ശമ്പളത്തിൽ നിന്ന് നികത്തേണ്ട അവസ്ഥയാണ്. പെൻഷൻ വാങ്ങാനെത്തുന്നവർക്ക് വേണ്ട ഇരിപ്പിടവും ഫാൻ സൗകര്യവും പര്യാപ്തമല്ല. കഴിഞ്ഞ ഒന്നാം തീയതി 450ഓളം പേർ എത്തിയെങ്കിലും ഭൂരിഭാഗം ആളുകളും നിൽക്കേണ്ടി വന്നു. കോവിഡുകാലത്ത് ഒരുക്കിയിരുന്ന 50 ഇരിപ്പിടങ്ങളും ശുദ്ധജല സൗകര്യവും ഇപ്പോൾ ഇല്ലാതായതും ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. വൃത്തിഹീനമായ ബാത്റൂമും പ്രധാന പ്രശ്നമാണ്. അഞ്ച് കൗണ്ടറുകളിൽ രണ്ടോ മൂന്നോ മാത്രമാണ് സ്ഥിരമായി പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ പെരുമാറ്റവും
ട്രഷറിയിലെ നടപടിക്രമങ്ങൾ പരിചയമില്ലാത്തവർക്ക് ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായും പരാതിയുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവരുമായി ഒ.ടി.പി സംബന്ധിച്ച് ജീവനക്കാരുടെ വാക്കുതർക്കം പതിവാണ്.
പരിഹാരം വേണം
പെൻഷൻ വാങ്ങാനെത്തിയാൽ ദിവസം മുഴുവൻ നഷ്ടമാകുന്ന സ്ഥിതിയാണ്. ഇരിക്കാൻ സ്ഥലമില്ല, കുടിക്കാൻ വെള്ളമില്ല, എന്നാണ് പൊതുവായ പരാതി. തിരക്കും അസൗകര്യങ്ങളും ഒഴിവാക്കാൻ എല്ലാ കൗണ്ടറുകളും തുറക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണമെന്ന് പെൻഷൻകാർ ആവശ്യപ്പെട്ടു.