centre

തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആരോഗ്യ മേഖലയ്ക്ക് മാതൃക

കല്ലറ: തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ ഇന്ന് നാടിന് സമർപ്പിക്കും.

കുട്ടികളിലെ വിവിധ വൈകല്യങ്ങളിൽ വിഷമിക്കുകയും സാമ്പത്തിക പ്രതിസന്ധികളാൽ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാണ് സംസ്ഥാനത്തെ രണ്ടാമതായി ആരംഭിക്കുന്ന ഈ സെന്റർ. കൊവിഡുകാലത്ത് രോഗികൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെയാണ് മനോഹരമായ ചിൽഡ്രൻസ് ഫ്രണ്ട്ലി സെന്ററായി മാറ്റിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ മികവാർന്ന രീതിയിലാണ് നിർമ്മാണം. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും തുടങ്ങി അവരുടെ പ്രവർത്തനങ്ങൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ദേശ്യം

ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളിലെ വിവിധ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി വ്യത്യസ്ത തെറാപ്പി ചികിത്സ നൽകി അവരുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നത്

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വാമനപുരം, നെല്ലനാട്, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, മാണിക്കൽ, പുല്ലമ്പാറ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഫണ്ട് വിനിയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സേവനങ്ങൾ

ശിശുരോഗവിദഗ്ദ്ധർ : കുട്ടികളെ പരിശോധിച്ച് ആവശ്യമുള്ള തെറാപ്പിക്ക് വിധേയമാക്കുന്നു

ഡെവലപ്മെന്റ് തെറാപ്പി: വളർച്ചാഘട്ടങ്ങളിലെ കാലതാമസം നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ തെറാപ്പി നൽകുന്നു

സ്പെഷ്യൽ എഡ്യുക്കേറ്റർ: പഠനവൈകല്യങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളിലെ ദൈനംദിന ജീവിത പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നു

സൈക്കോളജിസ്റ്റ്: പെരുമാറ്റ വൈകല്യങ്ങൾ,കൗമാരപ്രശ്നങ്ങൾ,പഠന വൈകല്യങ്ങൾ എന്നിവ തുടക്കത്തിൽ പരിഹരിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുന്നു

സ്പീച്ച് തെറാപ്പി: കുട്ടികളിലെ സംസാര വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു

ഫിസിയോതെറാപ്പി: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് വ്യായാമങ്ങളിലൂടെ ചലനശേഷിയും ശക്തിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ഉദ്ഘാടനം ഇന്ന്

കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ ഇന്ന് വൈകിട്ട് 4ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.ജെ.ലിസി,ബീനാ രാജേന്ദ്രൻ,ജി.ഒ. ശ്രീവിദ്യ,പി.വി.രാജേഷ്,കുതിരകുളംജയൻ,ഷൈലജ രാജീവൻ,ഷിനു,എം.എം.ഷാഫി,ജില്ലാ പഞ്ചായത്തംഗങ്ങളായ ഷീലാകുമാരി,സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുണ സി.ബാലൻ,മെഡിക്കൽ ഓഫീസർ ഡോ.പി.അജിത തുടങ്ങിയവർ പങ്കെടുക്കും.

ഫോട്ടോ:തറട്ടയിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ