 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജതജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി സ്മരണികയും മലയാളം മാസികയും ബോട്ട് സോഫ്റ്റ്‌വെയറും പ്രകാശനം ചെയ്യും. 'കിഫ്ബിവേഴ്സ്: മെറ്റവേഴ്സിൽ കിഫ്ബി' പ്രദർശനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എമാർ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ചീഫ് സെക്രട്ടറി,അഡിഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയവർ സംബന്ധിക്കും. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം 'നവകേരള ദർശനവും കിഫ്ബിയും' എന്ന വിഷയം അവതരിപ്പിക്കും. അഡിഷണൽ സി.ഇ.ഒ മിനി ആന്റണി സ്വാഗതം ആശംസിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.പുരുഷോത്തമൻ നന്ദി അർപ്പിക്കും. 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീതനിശ അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ നടക്കും.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണായക സംഭാവനകൾ നൽകുന്ന കിഫ്ബി 1999 നവംബർ 11നാണ് നിലവിൽവന്നത്. ഒരു ലക്ഷം കോടിയോളം രൂപ മൂല്യം വരുന്ന വൻകിടപദ്ധതികൾ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ സുപ്രധാന ചാലകശക്തിയായി. 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകി കിഫ്ബിയുടെ പ്രവർത്തനം മുന്നേറുകയാണ്.