
നെടുമങ്ങാട്: പട്ടയം,പെൻഷൻ തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം താലൂക്കിലെ 17 പേർക്കും നെടുമങ്ങാട് താലൂക്കിലെ 24 പേർക്കും ഉൾപ്പെടെ 41 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തു. നാലര വർഷത്തിനിടെ നെടുമങ്ങാട് 373 പട്ടയങ്ങൾ വിതരണം ചെയ്തു. കരിപ്പൂര് വലിയമല ഐ.ഐ.എസ്.ടിയുടെ സമീപത്തായി താമസിക്കുന്ന 20 കുടുംബങ്ങളുടെ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലാണ്. ഡാഷ്ബോർഡുകളിൽ ഉൾപ്പെട്ട അപേക്ഷയുൾപ്പെടെ മുഴുവൻ പേരുടെയും പട്ടയങ്ങൾ ജനുവരിയിൽ വീണ്ടും മേള സംഘടിപ്പിച്ച് അവസാനത്തെയാളിന്റെയും പട്ടയപ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയമല ഐ.ഐ.എസ്.ടി വികസനത്തിനായി 25 കുടുംബങ്ങളിൽ നിന്ന് മൂന്നേക്കർ ഭൂമിയേറ്റെടുക്കും. ഇവർക്കും മതിയായ നഷ്ടപരിഹാരം നൽകും. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ആർ.ഡി.ഒ കെ.പി.ജയകുമാർ,തഹസിൽദാർ ഷെഫീക്ക്.വൈ,സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.