train

തിരുവനന്തപുരം: കോച്ചുകളിൽ ക്യാമറ, ഓട്ടോമാറ്റിക് ഡോർ, ഹെൽപ്പ്ലൈൻ, രാപകൽ വനിതാ ആർ.പി.എഫ് സുരക്ഷ... ട്രെയിനുകളിൽ യാത്രക്കാർക്കു നേരെയുണ്ടാകുന്ന അതിക്രമം തടയാൻ പ്രഖ്യാപനങ്ങളേറെ. പക്ഷേ,​ ഇതൊന്നും നടപ്പായില്ല. ലക്ഷക്കണക്കിന് വനിതകൾ യാത്രചെയ്യുന്ന ട്രെയിനുകളിൽ സുരക്ഷ അവതാളത്തിലാണ്. രാത്രി സർവീസുകളിൽ മാത്രമാണ് പേരിനെങ്കിലും പൊലീസ് സാന്നിദ്ധ്യമുള്ളത്.

യാത്രക്കാരുടെ സുരക്ഷാചുമതല കേന്ദ്രം ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജനമൈത്രി പൊലീസിന്റെ മാതൃകയിൽ സ്ഥിരം യാത്രക്കാരെയും പോർട്ടർമാരെയും ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പൊലീസ് സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനവും വാക്കിലൊതുങ്ങി.

റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണമാണ് റെയിൽവേ സംരക്ഷണ സേനയുടെ (ആർ.പി.എഫ്) ചുമതല. സ്റ്റേഷനുകളിലേയും ട്രെയിനുകളിലേയും സുരക്ഷാചുമതല, ക്രമസമാധാനപാലനം എന്നിവ സംസ്ഥാന റെയിൽവേ പൊലീസിനാണ്. ഇവരുടെ ശമ്പളമടക്കമുള്ള ചെലവിന്റെ പകുതിത്തുക റെയിൽവേയാണ് വഹിക്കുന്നത്. അതിനാൽ അവരുടെ അനുമതിയില്ലാതെ പൊലീസിന്റെ എണ്ണം കൂട്ടാനാവില്ല.

നേരത്തേ 200 പൊലീസുകാരെ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും റെയിൽവേ അംഗീകരിച്ചിരുന്നില്ല. കേരളത്തിൽ ആകെയുള്ളത് ആയിരത്തിൽതാഴെ റെയിൽവേ പൊലീസ് മാത്രം. ആർ.പി.എഫിലും ആളുകുറവ്. അവധി, പരിശീലനം, വിശ്രമം എന്നിവയ്ക്കു പുറമേ മൂന്നുഷിഫ്റ്റായി ക്രമീകരിക്കുമ്പോൾ ഡ്യൂട്ടിക്ക് 250പേർ മാത്രം.

മുളക് സ്‌‌പ്രേയും

ലാത്തിയും ആയുധം

വി.ഐ.പി യാത്രക്കാരുണ്ടെങ്കിലേ ട്രെയിനുകളിൽ പലപ്പോഴും പൊലീസിന്റെ സായുധ സുരക്ഷ ഉണ്ടാകാറുള്ളൂ. അല്ലാത്തപ്പോൾ ലാത്തിയും ടോർച്ചുമാണ് ആയുധം. വനിതായാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ ആർ.പി.എഫിലെ വനിതാഉദ്യോഗസ്ഥർക്ക് മുളക് സ്‌‌പ്രേ നൽകുകയാണ് റെയിൽവേ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണിത്.

പെരുകുന്ന ക്രൂരത

2011ഫെബ്രുവരി ഒന്നിന് ഷൊർണൂരിൽ 23കാരി സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ട് ആക്രമിച്ച് കൊലപ്പെടുത്തി

വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥയായ മുളന്തുരുത്തി സ്വദേശി ആശ അക്രമിയിൽനിന്ന് രക്ഷപ്പെടാൻ ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസിൽനിന്ന് ചാടി

ആഗസ്റ്റിൽ കോഴിക്കോട് കല്ലായിയിൽ തൃശൂർസ്വദേശിനിയെ അന്യസംസ്ഥാനതൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ടു. 85000രൂപയും ഫോണും കവരാനായിരുന്നു ഇത്

2013ആഗസ്റ്റിൽ എം.ബി.എ വിദ്യാർത്ഥിനി ദിഷയെ എറണാകുളം-കോഴിക്കോട് യാത്രയിൽ മോഷണശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായി.

2014ഒക്ടോബർ 20ന് എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ കണ്ണൂർ സ്റ്റേഷനിൽവച്ച് മലപ്പുറം സ്വദേശിനിയെ തീയിട്ടുകൊന്നു

9%

ആർ.പി.എഫിലെ

വനിതാപ്രാതിനിധ്യം