p

തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സർക്കാർ പ്രഖ്യാപനം പി.ആർ പ്രൊപ്പഗൻഡ മാത്രമാണെന്നും തെറ്റായ ഈ പ്രചാരണത്തെയാണ് തങ്ങൾ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 64,000 പേരെ സഹായിച്ചതിനെ പ്രതിപക്ഷം ഒരിടത്തും വിമർശിച്ചിട്ടില്ല. അവർക്ക് സർക്കാർ പറയുന്നതു പോലെ ഒരു സഹായവും നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനമുണ്ടായ അന്ന് തിരുവനന്തപുരത്ത് പട്ടിണി മരണമുണ്ടായി. സർക്കാരിന്റേത് കള്ളക്കണക്കാണ്. അത് ചൂണ്ടിക്കാട്ടിയ ആർ.വി.ജി മേനോനെയും ഡോ. കെ.പി കണ്ണനെയും എം.കെ ദാസിനെയും ഡോ. എം.എ ഉമ്മനെയും അരവിന്ദാക്ഷനെയും സി.പി.എം സൈബർ സെല്ലുകൾ എത്ര മോശമായാണ് ആക്രമിച്ചത്. നാടു കടത്താൻ പിണറായി വിജയന് അധികാരമില്ലാത്തതു കൊണ്ടാണ്, അല്ലെങ്കിൽ അവരെ നാടുകടത്തിയേനെ. അതിദാരിദ്ര രഹിത സംസ്ഥാനം എന്ന പ്രഖ്യാപനത്തെ ചോദ്യം ചെയ്തത് ഇടതു സഹയാത്രികരായ സാമൂഹിക പ്രവർത്തകരാണ്. അവരുടെ ചേദ്യങ്ങൾക്ക് മറുപടിയില്ല. എന്നിട്ടാണ് അവരെ വിമർശിക്കുന്നതും മെക്കിട്ട് കയറുന്നതും.