fir

നേമം: മണ്ഡലത്തിൽ മൂന്ന് പ്രധാന റോഡുകളുടെയും ഒരു സ്കൂൾ കെട്ടിടത്തിന്റെയും നിർമ്മാണോദ്ഘാടനവും പുനർനിർമ്മിച്ച ഒരു റോഡിന്റെ ഉദ്ഘാടനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കുഞ്ചാലുംമൂട്-തമലം-കേശവദേവ് റോഡ്, പൂജപ്പുര-മുടവൻമുഗൾ-പുന്നയ്ക്കാമുഗൾ റോഡ്, വിജയമോഹിനി മിൽ-പുന്നയ്ക്കാമുഗൾ-കുന്നപ്പുഴ റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 7.50 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഈ മൂന്ന് റോഡുകളും നിർമ്മിക്കുന്നത്. ഇതോടൊപ്പം, മുടവൻമുഗൾ എൽ.പി. സ്‌കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 1 കോടി രൂപയും നഗരസഭയുടെ 1 കോടി രൂപയും ചേർത്ത് 2 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 65.40 ലക്ഷം രൂപ വിനിയോഗിച്ച് പുനർനിർമ്മാണം പൂർത്തിയാക്കിയ വട്ടവിള റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏകദേശം 900 കോടി രൂപയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾ നേമം മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിച്ചതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.