
ആറ്റിങ്ങൽ: നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ പ്രതിമ ഒരുങ്ങുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മൂന്നരയടി ഉയരമുള്ള അർദ്ധകായ പ്രതിമയാണ് സ്തൂപത്തിൽ സ്ഥാപിക്കുന്നത്. ജനാർദ്ദനൻ കരിവെള്ളൂരാണ് ശില്പി. ഒരു മാസം കൊണ്ട് സിമന്റിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ശിലാഫലകത്തിൽ പ്രേം നസീറിന്റെ ജനനത്തെക്കുറിച്ചും ആദ്യ സിനിമയെക്കുറിച്ചും പഴയ പേരും സൂചിപ്പിക്കുന്നു. രണ്ടരലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഇന്ന് രാവിലെ 10ന് വി.ശശി എം.എൽ.എ പ്രതിമ അനാഛാദനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് പ്രേംനസീറിന്റെ ശില്പം സ്ഥാപിക്കുന്നതെന്ന് ശില്പി ജനാർദ്ദനൻ കരിവെള്ളൂർ പറഞ്ഞു.പ്രേംനസീർ സ്മാരക സ്റ്റേജ് നിർമ്മാണത്തോടനുബന്ധിച്ചാണ് പ്രതിമാ അനാഛാദനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി അദ്ധ്യക്ഷത വഹിക്കും. എസ്.ഫിറോസ്‌ലാൽ,രജിത.ആർ,ആർ.സുഭാഷ്,കവിതാ സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.
ക്യാപ്ഷൻ- പ്രേംനസീർ ശില്പത്തോടൊപ്പം ശില്പി ജനാർദ്ദനൻ കരിവെള്ളൂർ