
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വംബോർഡ് ഉന്നതരിലേക്ക് അന്വേഷണം എത്തി. തിരുവിതാംകൂർ ദേവസ്വം
ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ എസ്.പി ശശിധരൻ ചോദ്യംചെയ്തു. അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, ശ്രീകോവിലിലെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ എട്ടാം പ്രതിയാണ് ബോർഡ്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോർഡ് ഉന്നതരെ പിടികൂടുമെന്നാണ് സൂചന. സംശയനിഴലിലുള്ള കൽപ്പേഷ്, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും ചോദ്യംചെയ്യും.
സ്വർണക്കൊള്ളയിൽ ബന്ധമില്ലെന്നാണ് എൻ.വാസുവിന്റെ മൊഴി.
സ്വർണം പൂശാൻ ശുപാർശചെയ്തുകൊണ്ട് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറായിരുന്നില്ല. 2019മാർച്ചിൽ വിരമിച്ചു. സ്വർണം പൊതിയാൻ പാളികൾ നൽകിയതിൽ ദേവസ്വം കമ്മിഷണർക്ക് പങ്കില്ല. തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്. ദേവസ്വം സ്മിത്തടക്കം പരിശോധിച്ച് സ്വർണമാണോ ചെമ്പാണോയെന്ന് പരിശോധിച്ചുറപ്പിച്ച് മഹസർ തയ്യാറാക്കിയാണ് പാളികൾ കൊണ്ടുപോയത്. ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികൾ നൽകിയതെന്നും വാസു മൊഴിനൽകി.
വാസുവിനടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണം പൂശിയശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി ബോർഡ് പ്രസിഡന്റായിരുന്ന വാസുവിന് പോറ്റി, ഇ-മെയിൽ അയച്ചിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇ-മെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമാണ് വാസുവിന്റെ മൊഴി. പോറ്റിയുടെ ചെലവിൽ സ്വർണം പൂശാനാണ് ബോർഡുമായുള്ള കരാർ. ആ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയത്. ഇ-മെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി തിരിച്ചു നൽകി. ഇതിൽ എന്ത് നടപടിയുണ്ടായെന്ന് അറിയില്ല- വാസു വ്യക്തമാക്കി.
കട്ടിളപ്പാളിയിലെ സ്വർണക്കവർച്ച:
പോറ്റി കസ്റ്റഡിയിൽ
റാന്നി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി മജിസ്ട്രേട്ട് കോടതി ഈ മാസം 10 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒന്നാം പ്രതിയാണ് പോറ്റി. ഇന്നലെ രാവിലെ 11.45നാണ് കോടതിയിലെത്തിച്ചത്.കസ്റ്റഡിയെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല. കോടതിയിലെ മറ്റെല്ലാവരെയും പുറത്തിറക്കി നടപടികൾ വീഡിയോയിൽ ചിത്രീകരിച്ചു .
ദേവസ്വത്തിന്റെ സ്വർണം ജീവനക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻപോറ്റി കടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2004 മുതൽ നാല് വർഷം കീഴ്ശാന്തിയുടെ പരികർമിയായി ജോലിചെയ്ത പോറ്റിക്ക് 1998ൽ ശിൽപങ്ങളിൽ സ്വർണം പൊതിഞ്ഞ വിവരം അറിയാമായിരുന്നു. ചട്ടവിരുദ്ധമായി ഇവ ചെന്നൈയിലേക്ക് കടത്തുകയും സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തു.. ദ്വാരപാലക ശിൽപ പാളിയിലെ സ്വർണം കവർന്ന കേസിലായിരുന്നു പോറ്റിയെ നേരത്തെ അറസ്റ്റുചെയ്തത്.
സ്വർണം ചെമ്പാക്കിയത്
കമ്മിഷണറുടെ അറിവോടെ
പത്തനംതിട്ട: സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാർച്ച് 19ന് അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശുപാർശയിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാർ പ്രസിഡന്റായ അന്നത്തെ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് കട്ടിളപ്പാളി പുറത്തു കൊണ്ടുപോയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. പിന്നീട് ബോർഡ് പ്രസിഡന്റായ എൻ.വാസുവായിരുന്നു 2019 മാർച്ച് 31 വരെ ദേവസ്വം കമ്മിഷണർ കേസുകളിലെ പ്രതിയായ സുധീഷ് കുമാർ വാസുവിന്റെ പേഴ്സണൽ അസിസ്റ്റന്റുമായിരുന്നു. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇതിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചു.
ജയശ്രീയുടെ മുൻകൂർ ജാമ്യം
പരിഗണിച്ചില്ല
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി. സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ തക്ക അസാധാരണ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ. ബാബു ഹർജി നിരസിച്ചത്. ഹർജിക്കാരിക്ക് ബന്ധപ്പെട്ട സെഷൻസ് കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. 2019 ജൂലായിലെ ദേവസ്വം ബോർഡ് തീരുമാനത്തിൽ ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്.