
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണർക്ക് കൈമാറി. ഇന്നലെ ഗവർണറെ കണ്ട് വി.സി വിവരങ്ങൾ ധരിപ്പിച്ചു. സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കാനുള്ള സിൻഡിക്കേറ്റിന്റെ നിർദ്ദേശം വി.സി അംഗീകരിച്ചിരുന്നില്ല. സസ്പെൻഷൻ കാലയളവിൽ അനധികൃതമായി 522 ഫയലുകൾ നോക്കുകയും പാസ്പോർട്ട് അപേക്ഷയ്ക്ക് വിദ്യാർഥികൾക്ക് സർവ്വകലാശാല സീൽ ഉപയോഗിക്കുകയും ചെയ്തെന്ന അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണിത്. ക്രിമിനൽകുറ്റം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കാനാവില്ല എന്നതാണ് വി.സിയുടെ നിലപാട്.
സർവകലാശാല നിയമപ്രകാരം, ഉപസമിതിയുടെ അന്വേഷണം ചട്ടവിരുദ്ധമാണെന്നും സിൻഡിക്കേറ്റിനോ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മാത്രമേ അന്വേഷണം നടത്താനാവൂ എന്നും വി.സി ഗവർണറെ അറിയിച്ചു. ഡോ.അനിൽകുമാറിനെതിരേ പൊലീസിൽ പരാതിപ്പെടാൻ വി.സി നിർദ്ദേശം നൽകുമെന്നാണ് സൂചന.