തിരുവനന്തപുരം:.മണ്ണന്തലയിലെ കോൺഗ്രസ് കൗൺസിലർ വനജ രാജേന്ദ്രബാബുവിനെ
വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ പ്രതിനിധികൾ കോൺഗ്രസ് നേതാക്കളെ പ്രതിഷേധം അറിയിച്ചു. തുടർച്ചയായി മൂന്നുതവണ മത്സരിച്ചിട്ടും വാർഡിൽ വികസന പ്രവർത്തനമെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. വാർഡിൽ പ്രബലമായ ഈഴവ സമുദായ സംഘടനകൾക്കെതിരായ പ്രവർത്തനങ്ങളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ശാഖ ഭാരവാഹികൾ ആരോപിച്ചു. വനജയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റും മണ്ണന്തല ശാഖയുടെയും മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രത്തിന്റെയും അഡ്മിനിസ്ട്രേറ്ററുമായ ഡി.പ്രേംരാജ് കെ.മുരളീധരനെ പ്രതിഷേധം അറിയിച്ചു. വാർഡിലെ സജീവ സാന്നിദ്ധ്യമായ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷിജിന്റെ പേരാണ് വാർഡ് കമ്മിറ്റി ഉൾപ്പെടെ അംഗീകരിച്ചത്. ഷിജിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പൊതു വികാരമെന്നും അദ്ദേഹം പറഞ്ഞു.