
തിരുവനന്തപുരം: ''അക്രമി എന്നെയും ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചെങ്കിലും വാതിലിന്റെ ഹാൻഡിലിൽ പിടികിട്ടി. മറ്റു യാത്രക്കാർ ഓടി എത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു അങ്കിളാണ് പിടിച്ചു കയറ്റിയത്''. ട്രെയിനിൽ ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന പി.ടി.പി നഗർ ചന്ദ്രമതി നിലയത്തിൽ അർച്ചനയ്ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് അക്രമി ചവിട്ടിത്തള്ളിയിട്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല.
''ആലുവയിൽ നിന്നാണ് ഞങ്ങൾ ട്രെയിനിന്റെ പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിൽ കയറിയത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയി. ഇടയ്‌ക്ക് കണ്ണുതുറന്നപ്പോഴാണ് പ്രതിയെ ട്രെയിനിൽ കാണുന്നത്. മദ്യപിച്ച നിലയിലായിരുന്നു. വർക്കല കഴിഞ്ഞപ്പോൾ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായി ഞങ്ങൾ. ടോയ്‌ലെറ്റിൽ പോകാനായി ആ ഭാഗത്തേക്ക് പോയി. ശ്രീക്കുട്ടിയെ പുറത്തുനിറുത്തിയ ശേഷം ഞാൻ ടോയ്‌ലെറ്റിൽ കയറി. തിരിച്ചിറങ്ങിയപ്പോൾ അക്രമി ശ്രീക്കുട്ടിയെ ചവിട്ടി താഴെയിടാൻ ശ്രമിക്കുന്നതാണ് കണ്ടത്.
തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരെ തിരിഞ്ഞു. തന്റെ ഒരു കൈയിലും കാലിലും പിടിച്ച് ബലമായി വാതിൽ ഭാഗത്തേക്ക് വലിച്ചിട്ട് പുറത്തേക്ക് തള്ളിയിടാനായിരുന്നു ശ്രമം. ഭയന്നുപോയെങ്കിലും പെട്ടെന്നുണ്ടായ മാനസിക ധൈര്യത്തിൽ വാതിൽപ്പിടിയിൽ പിടിച്ചു തൂങ്ങികിടന്ന് നിലവിളിച്ചു. ട്രെയിനിന്റെ ഒച്ചയിൽ മറ്റ് യാത്രക്കാർ ആദ്യം കേട്ടില്ല. എന്നാൽ വീണ്ടും ശക്തമായി നിലവിളിച്ചതോടെയാണ് യാത്രക്കാർ ഓടിയെത്തിയത്.
ഇത് കണ്ടതോടെ അക്രമി മുന്നിലെ കമ്പാർട്ട്മെന്റിലേക്ക് ഓടിരക്ഷപ്പെട്ടു. ആദ്യം ഓടിയെത്തിയ ഒരു അങ്കിൾ എന്നെ പെട്ടെന്ന് പിടിച്ചുകയറ്റി. തുടർന്ന് മറ്റു യാത്രക്കാർ അക്രമി പോയ ഭാഗത്തേക്ക് ചെന്നാണ് അയാളെ പിടികൂടിയത്''. അർച്ചന പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി ശ്രീക്കുട്ടിയോട് തട്ടിക്കയറിയതെന്നും അർച്ചന പറഞ്ഞു.