
'ഭ്രമയുഗ"ത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അതിൽ തരിമ്പുപോലും വിമർശനത്തിനുള്ള പഴുതുകൾ സാധാരണഗതിയിൽ ആർക്കും കണ്ടെത്താനാകില്ല. അത്രമാത്രം സൂക്ഷ്‌മമായ അഭിനയ മികവിലൂടെയാണ് ഒരേസമയം കൊടുമൺ പോറ്റിയും ചാത്തനുമായ കഥാപാത്രത്തെ അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാതെ മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി നിരവധി കഥാപാത്രങ്ങളിലൂടെ സൃഷ്ടിച്ച താരപരിവേഷത്തിന്റെ നേരിയ ലാഞ്ഛന പോലും ഈ കഥാപാത്രത്തിൽ തോന്നാതിരിക്കാനുള്ള കൈയടക്കം അഭിനയത്തിൽ പ്രകടിപ്പിച്ചതാണ് ഏറ്റവും വലിയ മികവ്. അർഹിക്കുന്ന കരങ്ങളിൽത്തന്നെയാണ് ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം എത്തിച്ചേർന്നിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ നേടിയ കലാകാരനെന്ന ബഹുമതിയും ഇതോടെ മമ്മൂട്ടിക്ക് സ്വന്തമായി.
പുതുതലമുറയാണ് അവാർഡെല്ലാം നേടിയതെന്ന പരാമർശത്തോടുള്ള മമ്മൂട്ടിയുടെ പെട്ടെന്നുള്ള പ്രതികരണം, 'ഞാനും ഈ തലമുറയിൽപ്പെട്ട ആളല്ലേ" എന്നായിരുന്നു. താൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ പഴമയും പുതുമയും ഒരുപോലെ ഉൾക്കൊണ്ട് മാറിമാറി വരുന്ന ദിനരാത്രങ്ങളനുസരിച്ച് സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നവരെയാണ് യഥാർത്ഥത്തിൽ പുതിയ തലമുറയുടെ പ്രതിനിധിയായി കണക്കാക്കേണ്ടത്. ആ അർത്ഥത്തിൽ മമ്മൂട്ടി അഭിനയത്തിലും കാഴ്ചപ്പാടിലും ഏത് ന്യൂജെൻ പുതുതലമുറയെക്കാൾ പ്രാപ്‌തിയുള്ള വ്യക്തിയാണ്. സിനിമാരംഗത്തെ മമ്മൂട്ടിയുടെ ജൈത്രയാത്ര പുതിയ പരീക്ഷണങ്ങളും നേട്ടങ്ങളുമായി അഭംഗുരം തുടരട്ടെ എന്ന് ആശംസിക്കാം.
'ഫെമിനിച്ചി ഫാത്തിമ"യിൽ ജീവസുറ്റ അഭിനയം കാഴ്ചവച്ച ഷംല ഹംസയാണ് മികച്ച നടിയായത്. സാധാരണഗതിയിൽ തുടക്കത്തിൽത്തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുന്നവർ പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് പിന്നാക്കം പോകുന്ന അവസ്ഥ അടുത്ത കാലത്തായി സംഭവിക്കുന്നുണ്ട്. അതിനാൽ ഈ നടിക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യാൻ മിടുക്കാരായ സംവിധായകർ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായ ടൊവിനോ തോമസും ആസിഫ് അലിയും അവതരിപ്പിച്ച കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ തങ്ങിനിൽക്കാൻ പോന്നവയാണ്. 'മഞ്ഞുമ്മൽ ബോയ്‌സ്" എന്ന ചിത്രമാണ് ചിദംബരത്തെ മികച്ച സംവിധായകനുള്ള അവാർഡിന് അർഹമാക്കിയത്. ഇതുൾപ്പെടെ പത്തോളം പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ ഷൈജു ഖാലിദ് മികച്ച ഛായാഗ്രാഹകനുമായി.
കലാമൂല്യമുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രേമലു"വും മികച്ച നവാഗത സംവിധായകനുള്ള അവാർഡ് 'ഫെമിനിച്ചി ഫാത്തിമ"യുടെ സംവിധായകൻ ഫാസിൽ മുഹമ്മദും കരസ്ഥമാക്കി. സൗബിൻ ഷാഹിറും സിദ്ധാർത്ഥ് ഭരതനുമാണ് മികച്ച സ്വഭാവ നടന്മാർ. 'നടന്ന സംഭവം" എന്ന ചിത്രത്തിലൂടെ ലിജാമോൾ മികച്ച സ്വഭാവ നടിയായി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. മികച്ച ഗാനരചയിതാവായി വേടൻ എന്ന ഹിരൺദാസ് മുരളിയും, മികച്ച ഗായകനായി കെ.എസ്. ഹരിശങ്കറും, മികച്ച ഗായികയായി സേബ ടോമിയും തിരഞ്ഞെടുക്കപ്പെട്ടു. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ നൽകുന്നത്. അതിന്റെ അർത്ഥം അവാർഡുകൾ ലഭിക്കാത്തവർ പ്രതിഭയില്ലാത്തവരാണ് എന്നല്ല. എല്ലാ അവാർഡ് ജേതാക്കൾക്കും കേരളകൗമുദിയുടെ അഭിനന്ദനങ്ങൾ.