d

തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ പുത്തൻ പതിപ്പ് -കേരള സവാരി 2.0 മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കി. 2022ൽ ആപ്പ് ലോഞ്ച് ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയർ തകരാർ കാരണം പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നു. തകരാറുകൾ പരിഹരിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ നടത്തിയ ട്രയൽ റൺ വിജയകരമായിരുന്നു. ഈ രണ്ട് നഗരങ്ങളിൽ പൂർണമായ പ്രവർത്തനത്തിന് ശേഷം പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോ‌ഡ് ചെയ്യാനാവുന്ന ആപ്പിൽ നിലവിൽ ഓട്ടോയും ടാക്സിയുമാണ് ലഭിക്കുന്നത്.

ഐ.ടി.ഐ പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്‌നിക്കൽ ടീം. സബ്‌സ്‌ക്രിപ്ഷൻ രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നിശ്ചിത നിരക്കിലുള്ള സംവിധാനം ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. മറ്റ് ഓൺലൈൻ ആപ്പുകളെക്കാൾ വിലക്കുറവിൽ റൈഡുകൾ ബുക്ക് ചെയ്യാം.


മൾട്ടി മോഡലാക്കും

ഡിസംബറോടെ മൾട്ടി മോഡൽ ഗതാഗത സംവിധാനമാകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെട്രോ, വാട്ടർമെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, ക്യാബുകൾ എന്നിവയെ ഏകോപിപ്പിക്കും. ടൂറിസം, തീർത്ഥാടനം, റെയിൽവേ, പ്രീ-പെയ്ഡ് ഓട്ടോകൗണ്ടർ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിംഗുമായി യോജിപ്പിച്ച് പ്രവർത്തിക്കും. സർക്കാർ നിരക്ക് നിശ്ചയിക്കുന്ന മുറയ്ക്ക് ആംബുലൻസുകളും ഗുഡ്സ് വെഹിക്കിൾസും പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കും.

ഒൻപതുകോടി വരുമാനം

ഏപ്രിൽ മുതൽ ആപ്പിൽ രജിസ്റ്റർ ചെയ്തത് 23,000ഓളം ‌ഡ്രൈവർമാർ

ട്രിപ്പുകൾ 3,60,000ഓളം

ഡ്രൈവർമാർക്ക് വരുമാനം 9 കോടി 36 ലക്ഷം

രണ്ടുനഗരങ്ങളിലായി പ്രതിദിനം 1200 യാത്രകൾ