വക്കം: കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം തീരദേശ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മാമ്പള്ളി,മീരാൻകടവ് പാലം, നിലയ്ക്കാമുക്ക് മാർക്കറ്റ്,മങ്കുഴി മാർക്കറ്റ്,ശ്രീനാരായണവിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നീ മേഖലകളിലാണ് കൂടുതലായും നായ്ക്കൂട്ടം അലഞ്ഞു തിരിയുന്നത്. രാത്രിയായാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്. തീരദേശ മേഖലയിലെ സ്കൂൾ, ഇരുചക്രവാഹനയാത്രക്കാർക്കും പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആൾപ്പാർപ്പില്ലാത്ത പൊന്തക്കാടുകളും, മീരാൻകടവ് പാലവും കേന്ദ്രീകരിച്ചാണ് ഇവരുടെ വിശ്രമസങ്കേതം. വീടുകളിൽനിന്ന് കോഴി,താറാവ്,ആട് എന്നിവയേയും തെരുവുനായ്ക്കൾ ആക്രമിക്കുന്നു. കൂട്ടമായെത്തുന്ന തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് തീരദേശ മേഖലയിലുള്ളവർ വീടുകളിൽ പേടിയോടെയാണ് കഴിയുന്നത്. കാപാലീശ്വരം,മാമ്പള്ളി കടപ്പുറം,പള്ളിക്കുടി,മുണ്ടുതുറ,കായിക്കര,ഇറങ്ങ്കടവ് തുടങ്ങിയിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകളുടെ അഭാവവും സ്ഥിതിഗതികൾ ഗുരുതരമാക്കാൻ കാരണമായിട്ടുണ്ട്.സ്കൂളുകളും തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ്.
കാരണം മാലിന്യം
മാംസാവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നതും നായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്. മാംസാവശിഷ്ടങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. നടവഴികളിലും ഇടവഴികളിലും നിലയുറപ്പിക്കുന്ന തെരുവ്നായ്ക്കൂട്ടത്തെ പ്രദേശത്തുനിന്ന് തുരത്താൻ നടത്തിയ ശ്രമങ്ങളൊന്നും തെരുവുനായ്ക്കളുടെ സ്വതന്ത്ര വിഹാരത്തെ ബാധിച്ചിട്ടില്ല.
ആവശ്യങ്ങൾ ഏറെ
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി നടപടി സ്വീകരിക്കണം
പ്രദേശത്ത് സി.സി.ടിവി ക്യാമറ സ്ഥാപിക്കണം, രാത്രികാല പട്രോളിംഗ് ശക്തമാക്കണം
തീരദേശ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടണം
പ്രതികരണം: അപകടകാരികളായ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ സ്ഥാപിക്കുക എന്നത് പ്രായോഗികമല്ല. അപകടകാരികളായ മറ്റു മൃഗങ്ങളെയെല്ലാം കൊല്ലാമെങ്കിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിൽ എന്താണ് ബുദ്ധിമുട്ട്.
എസ്. പ്രവീൺചന്ദ്ര, മുൻവൈസ് പ്രസിഡന്റ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്