puliyankulam

പാറശാല: ഒരുകാലത്ത് വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ പോലും കുളിക്കുന്നതിനും മറ്റുമായി ആശ്രയിച്ചിരുന്ന പുളിയംകുളം ഇന്ന് കാടുമൂടിയ നിലയിൽ. പാറശാല ഗ്രാമപഞ്ചായത്തിലെ വന്യക്കോട്,ഇഞ്ചിവിള,ചെറുവാരക്കോണം,അയ്ങ്കാമം വാർഡുകളിലെ നാട്ടുകാർ കുളിക്കുന്നതിനും കാർഷിക വൃത്തിക്കുമായി ഏറെ ആശ്രയിച്ചിരുന്ന ഒന്നര ഏക്കറോളം വരുന്ന കുളമാണ് ഇന്ന് ഉപയോഗശൂന്യമായി തുടരുന്നത്. നെയ്യാർ ഇടതുകര കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് കുളത്തിൽ എത്തിയിരുന്നത്. കഴിഞ്ഞ 4 വർഷങ്ങൾക്ക് മുമ്പത്തെ പെരുമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കനാലിലൂടെ ഒഴുകിയെത്തിയ മലവെള്ളം കുളത്തിലേക്ക് പതിച്ചതോടെ കുളം നിറഞ്ഞുകവിയുകയും തുടർന്ന് ബണ്ട് തകരുകയും ചെയ്തു.
കുളത്തിന്റെ ബണ്ട് തകർന്നതോടെ നെയ്യാർ ഇടതുകര കനാലിലെ വെള്ളം കഴിഞ്ഞ നാല് വർഷമായി നിറയ്ക്കാതെയായി. ഇതോടെ കുളത്തിൽ കാടും പടർപ്പുകളും നിറഞ്ഞു.

കുളം തകർന്നിട്ട് നാല് വർഷം
വന്യക്കോട് പുതുക്കുളം ഏലകളിലെ കർഷകർ കൃഷിക്കായി ഉപയോഗിച്ചിരുന്നത് ഈ കുളത്തിലെ വെള്ളമാണ്. പെരുമഴ കാരണം കുളം തകർന്നിട്ട് നാല് വർഷങ്ങൾ പിന്നിടുമ്പോൾ പ്രദേശത്തെ നെൽകൃഷി പൂർണമായും നശിച്ച നിലയിലാണ്. ഇവിടത്തെ കർഷകർ ഇപ്പോൾ മരച്ചീനി,വാഴ,പച്ചക്കറികൾ എന്നിവയാണ് കൃഷിചെയ്യുന്നത്. എല്ലാക്കാലത്തും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.


ജലക്ഷാമം രൂക്ഷം
കുളം നശിച്ചതോടെ പ്രദേശത്ത് കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. നാട്ടിൻപ്രദേശമായതിനാൽ കുടിവെള്ളത്തിനായി ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് കിണർ വെള്ളത്തെയാണ്. ചെറിയ വേനലിൽപോലും കിണറുകളെല്ലാം വറ്റും. കുളത്തിന്റെ തകർന്ന ബണ്ട് പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി കർഷകർ നിരവധി തവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായില്ല. എത്രയും വേഗം കുളത്തിന്റെ ബണ്ട് പുനർനിർമ്മിച്ച് കുളത്തിൽ വെള്ളം നിറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.