milma

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വില വർദ്ധനയുണ്ടാവില്ലെന്നും വ്യക്തമാക്കി. പാൽവില കൂട്ടേണ്ടത് മിൽമയാണ്. അക്കാര്യം അവർ ആലോചിച്ചു വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വില കൂട്ടാൻ കഴിയില്ല.

പാലുത്പാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ വില കൂട്ടുന്നതിനെക്കുറിച്ച് പരിശോധിക്കാൻ മിൽമ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത് മിൽമ ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിച്ചാൽ ആലോചിച്ച് യുക്തമായ നടപടി കൈക്കൊള്ളും.

ക്ഷീരകർഷകരുടെ പാലെടുക്കുന്നത് മിൽമയായതിനാൽ വില കൂട്ടാനുള്ള ഉത്തരവാദിത്വം അവർക്കാണ്. മിൽമ ലാഭത്തിലുമാണ്. വില കൂട്ടിക്കൊടുക്കണം എന്നു പറയുന്നതിൽ പ്രശ്നമില്ല. എന്നാൽ, അധികമായി കൂട്ടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നേരിയ തോതിൽ പാൽവില വർദ്ധനയുണ്ടാകുമെന്ന് മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സൺ മണി വിശ്വനാഥും പറഞ്ഞു. അതേസമയം, ലിറ്ററിന് അഞ്ചു രൂപ കൂട്ടണമെന്നാണ് സമിതി ശുപാർശയെന്നാണ് സൂചന.