sports-hostel

നവീകരണം പേരിനുപോലുമില്ല

ആറ്റിങ്ങൽ: വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനം താളം തെറ്റുന്നതായി ആക്ഷേപം. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാത്തതും, അധികൃതരുടെ നിസംഗതയും നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. സ്പോർട്സ് കോംപ്ലക്സിലെ കെട്ടിടങ്ങളിൽ ആൽമരവും കുറ്റിച്ചെടികളും വളർന്ന് അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. സ്പോർട്സ് കൗൺസിലിന്റെ കായിക പരിശീലന പദ്ധതികളുടെ ഭാഗമായാണ് ഇവിടെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ജിംനേഷ്യം സ്ഥാപിച്ചത്. പരിശീലനം നടത്തുന്ന കുട്ടികൾക്ക് പുറമേ പുറത്തുനിന്നുള്ളവർക്കും വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യം ജിംനേഷ്യത്തിലുണ്ട്.

കറണ്ട് ബിൽ അടയ്ക്കുന്നില്ല

ജിംനേഷ്യത്തിൽ മാസങ്ങളായി എ.സി പ്രവർത്തിക്കുന്നില്ല. പൂർണമായും അടഞ്ഞ മുറിക്കുള്ളിൽ എയർകണ്ടീഷണർ പ്രവർത്തിക്കാത്തത് വ്യായാമം ചെയ്യാൻ എത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നു. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നുമുണ്ട്. യഥാസമയം ബില്ലടയ്ക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചയാണ് ഇതിന് കാരണം.

ഗുണത്തേക്കാളേറെ ദോഷം

ജിംനേഷ്യത്തിലെ ഉപകരണങ്ങളുടെയും സീറ്റിന്റെ അപ്ഹോൾസറിയും നശിച്ചിട്ടുണ്ട്. തറയുടെയും അവസ്ഥയും പരിതാപകരമാണ്. ജിംനേഷ്യത്തിലെ ഭൂരിഭാഗം ഉപകരണങ്ങളുടെയും അലൈൻമെന്റ് തകരാറിലാണ്.അലൈൻമെന്റ് തകർന്ന ഉപകരണങ്ങളിൽ വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

അധികൃതരുടെ അനാസ്ഥ

1000 രൂപ രജിസ്ട്രേഷൻ ഫീസും 750 രൂപ പ്രതിമാസ ഫീസും നൽകിയാണ് പൊതുജനങ്ങൾ ജിംനേഷ്യം ഉപയോഗിക്കുന്നത്. കൃത്യമായി ഫീസ് വാങ്ങുന്നതല്ലാതെ സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി. ശ്രീപാദം സ്പോർട്സ് കോംപ്ലക്സിന് കെട്ടിടങ്ങളും യഥാസമയം അറ്റകുറ്റപ്പണി കിട്ടാത്ത അവസ്ഥയിലാണ്. സിന്തറ്റിക് ട്രാക്കിന്റെയും ജംപിംഗ് പിറ്റുകളുടെ സ്ഥിതിയും പരിതാപകരമാണ്. ഹോസ്റ്റൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഭിത്തികളിൽ ആൽമരവും കുറ്റിച്ചെടികളും പടർന്നിട്ടുണ്ട്. ഇത് കെട്ടിടങ്ങൾക്ക് വലിയ ബലക്ഷയം സൃഷ്ടിക്കും.

പ്രതികരണം

അന്താരാഷ്ട്ര നിലവാരമുള്ള വലിയകുന്ന് ശ്രീപാദം സ്റ്റേഡിത്തിനും ഉപകരണങ്ങൾക്കും യാഥാസമയം അറ്റകുറ്റപണികൾ നടത്താൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം.

പി.വി. ജോയി,

ഡി.സി.സി അംഗം.

ചിത്രം : ശ്രീപാദം സ്പോർട്സ് ഹോസ്റ്റൽ കെട്ടിടങ്ങളിൽ ആൽമരവും കുറ്റിച്ചെടികളും കിളിർത്ത നിലയിൽ.