
തിരുവനന്തപുരം: വാട്ടർ അതോറിട്ടി പാറ്റൂർ സെക്ഷൻ പരിധിയിൽ പൂന്തുറ കറാൾക്കട റോഡിൽ ചെമ്പകശേരി ജംഗ്ഷനു സമീപത്ത് സ്വീവേജ് പൈപ്പ് ലൈനിലുണ്ടായ ചോർച്ച തടയാനുള്ള പണി മുടങ്ങിയിട്ട് 10 ദിവസം. റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാതായതോടെ, വാട്ടർ അതോറിട്ടിയുടെ കരാറുകാരനും പണിനിറുത്തി പോയി. മുൻപ് ചെയ്തിരുന്ന പണി പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കാതെ റോഡ് കുഴിക്കാൻ അനുമതി നൽകില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്.
പാറ്രൂർ പമ്പ് ഹൗസിൽ നിന്ന് പെരുനെല്ലി വഴി മുട്ടത്തറ സ്റ്റില്ലിംഗ് ചേംബറിലേക്കുള്ള 450 എം.എം മെയിൻ പൈപ്പിലാണ് ചോർച്ചയുണ്ടായത്. ഇതുമൂലം വഞ്ചിയൂർ (കോടതി ഉൾപ്പെടെ),കണ്ണമ്മൂല,പി.എം.ജി,ലാ കോളേജ് ജംഗ്ഷൻ,ചാമ്പ്യൻ ഭാസ്കരൻ റോഡ്, കുന്നുകുഴി,ആർ.സി കോളനി, എം.എൽ.എ ഹോസ്റ്റൽ, മുളവന, പാറ്റൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാവിറ്റി ലൈനുകളിലെയും ബ്രാഞ്ച് റോഡുകളിലെയും മലിനജല നിർമ്മാർജ്ജനം തടസപ്പെട്ടിരിക്കുകയാണ്. മണ്ണും പ്ലാസ്റ്റിക്കും അടക്കമുള്ളവ അടിഞ്ഞുകൂടി പലയിടത്തും ബ്ലോക്കായിട്ടുമുണ്ട്. പണി പൂർത്തിയാക്കാത്തതിനാൽ ഇതിനോടകം 50 ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.
പമ്പിംഗ് നടത്താനാവാത്ത സ്ഥിതിയിലായതിനാൽ പമ്പിംഗ് വെൽ നിറഞ്ഞ് ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുകുന്നുമുണ്ട്. പണി പൂർത്തായാക്കാതെവന്നാൽ വഞ്ചിയൂർ കോടതിവളപ്പിലെ മാൻഹോൾ നിറഞ്ഞൊഴുകാനും ഇടയാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ പി.ഡബ്ല്യു.ഡിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കണ്ണാശുപത്രിയിലെ മാലിന്യനീക്കവും പ്രശ്നം
കണ്ണാശുപത്രിയിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം,സിറിഞ്ച്,ബ്ലഡ് ടിഷ്യൂസ്, ഗ്ലൗസ്, പ്ലാസ്റ്റിക് തുടങ്ങിയവ സ്വീവേജ് ലൈനുകളിലേക്ക് തള്ളിവിടുന്നത് പാറ്റൂർ പമ്പ് ഹൗസിൽ തകരാറുണ്ടാക്കുന്നുണ്ട്. ഖരമാലിന്യങ്ങൾ അടിഞ്ഞുകൂടി പമ്പുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് പമ്പ് സപ്ലയർ ഉത്തരവാദിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമൂലം പമ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാൻ ഒന്നര കോടി ചെലവഴിക്കേണ്ടിവരും. ജനറൽ ആശുപത്രി, കണ്ണാശുപത്രി എന്നിവിടങ്ങളിലെ മെയിന്റനൻസ് നടത്തുന്നത് പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗമാണ്. പി.ഡബ്ല്യു.ഡി അധികൃതർ ഇടപെട്ട് ഖരമാലിന്യങ്ങൾ സ്വീവേജ് ലൈനിലൂടെ ഒഴുക്കിവിടുന്നത് നിറുത്തിവയ്ക്കണമെന്നും വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടു.