
തിരുവനന്തപുരം: മൂന്നു മാസം മാത്രം പ്രായമുള്ള മകൾ ലസിൻ സോയിയെ നന്നായി നോക്കണം. ഫെമിനിച്ചി ഫാത്തിമയുടെ വേഷം മറ്റൊരു സ്വപ്നമാണ്. രണ്ടും വെല്ലുവിളി. കുടുംബത്തെ ചേർത്തുനിറുത്തിക്കൊണ്ട് ഷംല ഹംസ ക്യാമറയ്ക്കു മുന്നിലെത്തി. രണ്ടും ഒരുപോലെ വിജയം. മികച്ച നടിമാരുടെ പട്ടിക പരിശോധിച്ചാൽ ഇത്തരമൊരു ജീവിതകഥ കാണാൻ പ്രയാസമാകും. പുതിയ കാലത്തെ അതിജീവിക്കാനുള്ള വലിയ പാഠമാണ് ഷംല ഹംസ. എല്ലാം ദൈവാനുഗ്രഹം എന്നു കരുതാനാണ് ഷംലയ്ക്കിഷ്ടം. ഇന്നലെ മേലാറ്റൂർ ഉച്ചാരക്കടവിലെ വീട്ടിൽ ആശംസാപ്രവാഹത്തിനിടയിൽ ഷംല നിൽക്കുമ്പോഴും ഒക്കത്തുള്ള കുഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
നല്ല കഥ ഇങ്ങനെ
'ഫെമിനിച്ചി ഫാത്തിമ"യുടെ കഥ സംവിധായകൻ ഫാസിൽ മുഹമ്മദ് പറയുന്നു. ഷംലയുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞ് ലസിൻ സോയ് തൊട്ടിലിൽ ഉറക്കത്തിലായിരുന്നു.
കഥ ഷംല ഹംസയ്ക്ക് ഇഷ്ടമായി. എന്തു ചെയ്യാം, എന്ന് ചിന്തിക്കുന്നതിനിടെ കുഞ്ഞ് കരയാൻ തുടങ്ങി. ഷംല അകത്തേക്ക് ഓടി.
അന്ന് രാത്രി ഒരുപാട് ആലോചിച്ചു. ഭർത്താവ് സാലിഹിന് സമ്മതമാണ്. കുഞ്ഞിനൊപ്പം വേണ്ട സമയത്ത് ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാനാകുമോ? കുഞ്ഞ് കരഞ്ഞാൽ? ഒരു പാട് ചോദ്യങ്ങൾ? അടുത്ത ദിവസം അവൾ ഫാസിലിനെ വിളിച്ചു പറഞ്ഞു. ഞാൻ റെഡിയാണ്. പക്ഷേ. കുഞ്ഞുമുണ്ടാകും കൂടെ. ഒരു പ്രശ്നവുമില്ലെന്ന് സംവിധായകന്റെ ഉറപ്പ്. അത് വിഴിവിളക്കായി.
സിനിമ സീൻ
ഫാത്തിമയുടെ വേഷത്തിൽ ഷംല കത്തിക്കയറുന്നു. ദാ കുഞ്ഞ് കരയുന്നു. സംവിധായകൻ ഫാസിൽ കട്ട് പറഞ്ഞു. ഫാത്തിമ പെട്ടെന്ന് ഷംല എന്ന അമ്മയാകുന്നു. കുഞ്ഞിന്റെ അടുത്തേക്ക് ഓടുന്നു. കുഞ്ഞിന് കൂട്ടായി മുറിയിൽ ഷംലയുടെ ഉമ്മ ഫാത്തിമകുട്ടിയുണ്ട്. ഷംല വരുന്നതുവരെ, ഫാസിൽ ഷംല ഇല്ലാത്ത മറ്റൊരു ഷോട്ട് എടുക്കും. ആർക്കും സമയനഷ്ടമുണ്ടാകുന്നില്ല. ഷംലയ്ക്കൊപ്പം അഭിനയിച്ച വിജി വിശ്വനാഥ് ഉൾപ്പെടെ വലിയ പിന്തുണയാണ് ഷംലയ്ക്ക് നൽകിയത്. അവർ തമ്മിലുള്ള ഒത്തുചേർച്ചയാണ് ഫെമിനിച്ചി ഫാത്തിമയുടെ വിജയഘടകങ്ങളിൽ ഒന്ന്. ചിത്രത്തിൽ ഇരുവരും മെത്തയും തൂക്കിപോകുന്ന സീനിൽ പറഞ്ഞ ഡയലോഗുകൾ ഇവർ രണ്ടു പേരും സ്പോട്ടിൽ തട്ടിയതാണ്.
കാലാ - ജീവിത സീൻ
ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. മികച്ച നടി ഷംല ഹംസ. ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകൻ. പാലക്കാട് തൃത്താലയിലെ വീട്ടിൽ ബാപ്പയുമൊത്ത് ഷംല സന്തോഷം പങ്കി ടുമ്പോൾ ഉമ്മയുടെ കൈയിൽ കുഞ്ഞുണ്ട്.
സമീർ കെ.വി. നിർമ്മിച്ച ആയിരത്തിയൊന്ന് നുണകൾ ആയിരുന്ന ഷംലയുടെ ആദ്യചിത്രം. അഭിനയം തുടരാനാണ് തീരുമാനം.