l

വിഴിഞ്ഞം: കരമാർഗമുള്ള ചരക്കുനീക്കത്തിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കഴക്കൂട്ടം-കാരോട് ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന താത്കാലിക റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ.

ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന സർവീസ് റോഡ് രണ്ടാഴ്ചയ്‌ക്കകം ഗതാഗതത്തിനായി തുറക്കും. കണ്ടെയ്‌നർ നീക്കം നടത്തുന്നതിനുള്ള റോഡ് ഡിസംബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തുറമുഖപാത ദേശീയ പാതയുമായി ബന്ധിക്കുന്ന തലക്കോട് ഭാഗത്ത് ക്ലോവർ ലീഫിന്റെ ചെറിയ മാതൃകയിലുള്ള റോഡായിരിക്കും സജ്ജമാക്കുക. സർവീസ് റോഡ് തുറന്നുകൊടുത്ത് ഗതാഗതക്രമീകരണം നടത്തിയാൽ മാത്രമേ കണ്ടെയ്‌നർ നീക്കത്തിനുള്ള റോഡിന്റെ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ കഴിയൂവെന്ന് നിർമ്മാണ കരാറുകാരായ മുംബയ് പൂനം കൺസ്ട്രക്ഷൻ കമ്പനി അധികൃതർ പറഞ്ഞു.

നിലവിൽ കാരോട് ഭാഗത്തുനിന്ന് കോവളത്തേക്കുള്ള ബൈപ്പാസ് റോഡിനോടു ചേർന്ന് സമാന്തരമായി പോകുന്ന സർവീസ് റോഡ് മുല്ലൂർ തുറമുഖ റോഡുമായി ചേരുന്ന സ്ഥലത്തെത്തുമ്പോൾ വളഞ്ഞ് മുന്നോട്ടുപോകുന്ന രൂപത്തിലാണ് നിർമ്മിക്കുക. ഈ റോഡ് ഇരുവശവും കോൺക്രീറ്റ് ചെയ്‌ത് മണ്ണിട്ട് ഉയർത്തി ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കും.

സിഗ്നലുകൾ സ്ഥാപിക്കും

അപകടസാദ്ധ്യത ഒഴിവാക്കാനായി കന്യാകുമാരി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ഇവിടെ സിഗ്നൽ സംവിധാനമൊരുക്കും. അതുപോലെ ബൈപ്പാസിൽ കണ്ടെയ്‌നർ ലോറികൾ പ്രവേശിക്കുന്ന സ്ഥലത്തും സിഗ്നൽ സ്ഥാപിക്കും. ആദ്യഘട്ടം വിഴിഞ്ഞത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്ക് മാത്രമാകും ചരക്കുനീക്കമെന്നും കന്യാകുമാരി ഭാഗത്തേക്കുള്ള താത്കാലിക റോഡ് നിർമ്മാണം റിംഗ് റോഡ് പദ്ധതിയോടനുബന്ധിച്ചാകും തുടങ്ങുകയെന്നും അധികൃതർ വ്യക്തമാക്കി.

രണ്ടാംഘട്ടം തുടങ്ങി

ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ തുറമുഖ നിർമ്മാണത്തിന്റെ രണ്ടാംഘട്ട ജോലികൾ ഭാഗികമായി ആരംഭിച്ചു. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്നതിനായി കടൽ മാർഗം കല്ലിട്ടുതുടങ്ങി. ബാർജ് മുഖാന്തരം ഏതാനും ലോഡ് കല്ലുകൾ മാത്രമാണ് നിക്ഷേപിക്കുന്നത്. കരമാർഗം കല്ലിടുന്നത് ഔദ്യോഗിക ഉദ്ഘാടത്തിനു ശേഷമാകാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കേണ്ടിവരും. 50 ലക്ഷം മെട്രിക് ടൺ പാറകളാണ് വേണ്ടത്. ഇവ ശേഖരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

തുറമുഖ കവാടത്തിൽ നിന്നു ബൈപ്പാസ് വരെയുള്ള

സർവീസ് റോഡ് - ഏകദേശം1.7 കിലോമീറ്റർ

ഫോട്ടോ: തുറമുഖവും ബൈപ്പാസും ബന്ധിപ്പിക്കുന്ന റോഡിന്

സമീപത്തെ സർവീസ് റോഡ് നിർമ്മാണം പുരോഗമിക്കുന്നു