vettukadu-feast

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് മുന്നോടിയായി ജില്ലാകളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. തിരുനാൾ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ സേവനം, സുരക്ഷയ്ക്കായി പൊലീസ് കൺട്രോൾ റൂം,അഗ്നിരക്ഷാ സേനയുടെ സേവനം എന്നിവ പൂർണതോതിൽ സജ്ജമാക്കും.

14 മുതൽ 24 വരെയാണ് വെട്ടുകാട് തിരുനാൾ. തിരുനാളിന്റെ നോഡൽ ഓഫീസറായി സബ് കളക്ടർ ഒ.വി.ആൽഫ്രഡിനെ നിയോഗിച്ചു. കുടിവെള്ളം, സുരക്ഷാസംവിധാനങ്ങൾ, പാർക്കിംഗ്, മാലിന്യ സംസ്‌കരണം, ഗതാഗത നിയന്ത്റണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദമാക്കി. വേളി - ശംഖുംമുഖം റോഡ് നവീകരണം,പ്രദേശത്തെ മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കും. ഉത്സവകാലത്ത് ലൈസൻസില്ലാതെ ഭക്ഷണപദാർത്ഥങ്ങൾ കച്ചവടം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും പ്രദേശത്തെ ഹോട്ടലുകളിൽ പരിശോധന നടപ്പാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വെട്ടുകാട് മരിയൻ ഹാളിൽ നടന്ന യോഗത്തിൽ ആന്റണി രാജു എം.എൽ.എ,കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ,സെറാഫിൻ ഫ്രെഡി,സബ് കളക്ടർ ഒ.വി.ആൽഫ്രഡ്,ഡി.സി.പി ദീപക് ധൻകർ, പള്ളി വികാരി ഫാ.ഡോ.വൈ.എം.എഡിസൺ,പൊലീസ്, എക്‌സൈസ്,ഫയർഫോഴ്സ്, ആരോഗ്യം, വൈദ്യുതി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പള്ളി കമ്മി​റ്റി ഭാരവാഹികളും പങ്കെടുത്തു.