
സ്വകാര്യസ്ഥാപനങ്ങളെ ഉൾകൊള്ളിക്കും
തിരുവനന്തപുരം: രാജ്യത്താദ്യമായി നൈപുണ്യവികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പിലാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് തൊഴിൽവകുപ്പ് പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലകളെ പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിക്കും. കേന്ദ്ര നൈപുണ്യവികസന മന്ത്രിയുടെ സൗകര്യംപോലെ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്വകാര്യനൈപുണ്യ സ്ഥാപനങ്ങളെ തൊഴിൽവകുപ്പിന് കീഴിലെ കെയ്സിൽ അക്രെഡിറ്റ് ചെയ്യാൻ അക്രഡിറ്റേഷൻ പോളിസി തയ്യാറാക്കി കെയ്‌സ് ഭരണസമിതി അംഗീകാരം നൽകി. കേന്ദ്രവും കൊച്ചി മെട്രോ കോർപ്പറേഷനും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്താദ്യമായി മെട്രോ ആൻഡ് റെയിൽ ടെക്‌നോളജിയിൽ ദേശീയ പരിശീലനസ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയിൽ ഡ്രോൺ ടെക്‌നോളജിയിൽ ഐ.ഐ.ടി പാലക്കാട്,നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ പരിശീലനം നൽകും. തിരുവനന്തപുരത്ത് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ സഹായത്തോടെ സ്‌കിൽ ഇന്ത്യാ ഇന്റർനാഷണൽ സെന്ററും മൈഗ്രേഷൻ സെന്ററും സ്ഥാപിക്കും.
വിദേശഭാഷാ പരിശീലനം
ജർമ്മൻപരിശീലന സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളായ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട്,ഒ.എസ്.ഡി എന്നിവയുമായി സഹകരിച്ച് പദ്ധതി കൊണ്ടുവരും. ജർമ്മനിയിൽ ഒരുലക്ഷം പ്രതിമാസ സ്‌റ്റൈപ്പന്റോടെ വൊക്കേഷണൽ ട്രെയിനിംഗ് പരിശീലനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഇൻഡോ ജർമ്മൻ ട്രെയിനിംഗ് ഫെയർ സംഘടിപ്പിക്കും. 2026തുടക്കത്തിൽ ട്രെയിനിംഗ് ഫെയർ പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് അവസരം ഉറപ്പാക്കും. 2026 ജനുവരിക്കുള്ളിൽ കേരളവും ജർമ്മൻസംസ്ഥാനമായ ഹെസനുമായി സഹോദരസംസ്ഥാനമെന്ന കരാർ ഒപ്പിടും.