dd

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകൾ,ഹയർസെക്കൻഡറി സ്‌കൂളുകൾ മുഴുവൻ സ്‌മാർട്ടാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ കോർപ്പറേഷൻ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ജോബ് ഫെയറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ നിർമ്മാണം പൂർത്തീകരിച്ച സാറ്റ് വിശ്രമസങ്കേതം,എം.എൽ.സി.പി മെഡിക്കൽ കോളേജ്,സോളാർ 17,​000 കിലോ വാട്ട് ഉത്പാദനം,നഗരത്തിലെ 13 ഇടങ്ങളിലായുള്ള ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ,സ്മ‌ാർട്ട് ക്ലാസ് റൂമുകൾ- സെക്കൻഡ് ഫേസ്,ലാപ്ടോപ്പ് വിതരണം തുടങ്ങിയവ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയും സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയും പൂർത്തീകരിച്ചവയാണ് ഉദ്ഘാടനം ചെയ്‌തത്.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരസഭയുടെ 60 മാസത്തെ സമഗ്രമായ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്‌തു. 600ലധികം ഉദ്യോഗാർത്ഥികൾ തൊഴിൽമേളയിൽ പങ്കെടുത്തു. മേളയിൽ ആദ്യമായി ജനറൽ ലൈഫ് ഇൻഷ്വറൻസിൽ ബ്രാഞ്ച് മാനേജരായി തൊഴിൽ ലഭിച്ച സനോജ് പീറ്ററിന് മുഖ്യമന്ത്രി നിയമന സർട്ടിഫിക്കറ്റ് കൈമാറി. ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽകൃഷ്ണ,നഗരസഭ സെക്രട്ടറി ജഹാംഗീർ.എസ്,മേടയിൽ വിക്രമൻ,ഡി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.