
തിരുവനന്തപുരം :വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയ ക്രൂരതയ്ക്ക് പിന്നിൽ, പുകവലി ചോദ്യം ചെയ്തിലെ വിരോധം. സംഭവം നടന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് പ്രതി സുരേഷ് കാരണം വെളിപ്പെടുത്തിയത്.
പെൺകുട്ടികളുമായി പ്രതി വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നാലെ ക്രൂരത കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് ജനറൽ കമ്പാർട്ട്‌മെന്റിനുള്ളിൽ വച്ച് താൻ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തിലുള്ള ദേഷ്യത്തിലാണ് ശ്രീകുട്ടിയെയും (20) സുഹൃത്ത് അർച്ചനയെയും ചവിട്ടിത്തള്ളിയിടാൻ താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ടോയ്ലറ്റിന്റെ വാതിലിൽ നിന്ന് മാറാത്തതിനാലാണ് ശ്രീകുട്ടിയെ ചവിട്ടി വീഴ്ത്തിയതെന്നാണ് നേരത്തേ ഇയാൾ റെയിൽവേ പൊലീസിനോട് പറഞ്ഞിരുന്നത്.
ഞായറാഴ്ച ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളായ ശ്രീകുട്ടിയും അർച്ചനയും കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ കയറിയത്. സീറ്റ് ലഭിക്കാത്തതിനാൽ വാതിലിന് സമീപത്താണ് ഇരുവരും നിന്നത്. കോട്ടയത്തു നിന്ന് സുരേഷ്‌കുമാറും സുഹൃത്ത് ലാലുവും ഇതേ കമ്പാർട്ട്‌മെന്റിൽ കയറി. അതിന് മുമ്പ് ഇരുവരും അതിരമ്പുഴയിലെയും നാഗമ്പടത്തെയും ബാറിൽ കയറി മദ്യപിച്ചിരുന്നു.. ട്രെയിനിൽ സീറ്റ് ലഭിക്കാത്തിനാൽ സുരേഷും ലാലുവും നിൽക്കുകയായിരുന്നു. അല്‌പം കഴിഞ്ഞപ്പോൾ ലാലുവിന് സീറ്റ് ലഭിച്ചു. സുരേഷ് പുകവലിക്കാനായി ടോയ്ലറ്റിന് സമീപത്തെത്തി.ട്രെയിനിനകത്ത് പുകവലിക്കുന്നത് പെൺകുട്ടികൾ ചോദ്യം ചെയ്തു. മദ്യത്തിന്റെ രൂക്ഷഗന്ധത്തെ തുടർന്ന് തങ്ങളുടെ ഭാഗത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഇരുവരും, ഇനിയും പുകവലിച്ചാൽ പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു.. ഇതായിരുന്നു പ്രകോപനം.
ഏറെ നേരം നിന്ന് അവശരായ പെൺകുട്ടികൾ ട്രെയിൻ വർക്കല റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ വാതിലിന്റെ പടിയിൽ ഇരുന്നു. ഈ തക്കത്തിലാണ് സുരേഷ് ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. ഇതുകണ്ട് നിലവിളിച്ച അർച്ചനയെയും ഇതേ രീതിയിൽ തള്ളിയിടാൻ ശ്രമിച്ചെങ്കിലും സുരേഷിന്റെ കാലിൽ പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ മറ്റ് യാത്രക്കാരാണ് അർച്ചനയെ ബോഗിലേക്ക് പിടിച്ചു കയറ്റിയത്. ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടികളുടെ ചിത്രം അവരറിയാതെ സുരേഷ് മൊബൈൽ ഫോണിൽ പകർത്തി. ഇതും പൊലീസിന് ലഭിച്ചു. പെൺകുട്ടികളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമിച്ചതെന്നാണ്
റിമാൻഡ് റിപ്പോർട്ടിൽ.
ഡി.ജി.പി റവാഡ ചന്ദ്രശേഖർ കേരളകൗമുദിയോട്......
ട്രെയിനുകളിൽ 100%
സുരക്ഷ ഉറപ്പാക്കും
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ യാത്രക്കാർക്ക് സുരക്ഷയിൽ ആശങ്ക വേണ്ടെന്നും അതിനായി പൊലീസ് അടിയന്തര നടപടികളെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ട്രെയിനുകളിൽ വനിതകൾ അടിക്കടി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ 'കേരളകൗമുദി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്കയാണല്ലോ ?
ഒരു ആശങ്കയും വേണ്ട. വനിതകളുടെ സുരക്ഷ 100% ഉറപ്പാക്കും. ഇതിനായി റെയിൽവേ സംരക്ഷണ സേനയുമായി (ആർ.പി.എഫ്) ചേർന്ന് സുരക്ഷാ സംവിധാനങ്ങളൊരുക്കും. ഇരു സേനകളുടെയും മികച്ച ഏകോപനമുണ്ടാക്കും.
യാത്രക്കാർക്കു നേരെ അടിക്കടി ആക്രമണങ്ങളുണ്ടാവുന്നല്ലോ?
വർക്കലയിലേത് ഒറ്റപ്പെട്ട സംഭവമാണ്. പക്ഷേ, അത് അതീവ ഗൗരവമായെടുത്ത് നടപടികൾ തുടങ്ങിക്കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ഓപ്പറേഷനുകൾ ആരംഭിച്ചു.
ട്രെയിനുകളിൽ സുരക്ഷയ്ക്ക് പൊലീസ് വളരെക്കുറവാണല്ലോ?
വർഷങ്ങൾക്ക് മുൻപുള്ള അംഗബലമാണിപ്പോഴുമുള്ളത്. ട്രെയിനുകളും യാത്രക്കാരും വൻതോതിൽ കൂടിയിട്ടുണ്ട്. അതിനനുസരിച്ച് റെയിൽവേ പൊലീസിന്റെ അംഗസംഖ്യ കൂട്ടേണ്ടതുണ്ട്.
സുരക്ഷയുറപ്പാക്കാൻ എന്തൊക്കെ പുതിയ പദ്ധതികൾ?
രാത്രിയും പകലും ട്രെയിനുകളിൽ സുരക്ഷയ്ക്ക് പൊലീസിനെ വിന്യസിക്കും. ജനമൈത്രി പൊലീസിന്റെ മാതൃകയിൽ സ്ഥിരം യാത്രക്കാരെയും പോർട്ടർമാരെയുമടക്കം ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പൊലീസ് (കമ്മ്യൂണിറ്റി പൊലീസ്) സംവിധാനം നടപ്പാക്കും.
അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ?
നേരത്തേ മുതൽ അതിനായി കരുതലുണ്ട്. പക്ഷേ, നിർഭാഗ്യകരമായ സംഭവമാണിത്. ആവർത്തിക്കാതിരിക്കാനുള്ള എല്ലാ ജാഗ്രതയുമുണ്ടാവും. അതിനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു.