
തിരുവനന്തപുരം: മെസി കേരളത്തിൽ വരുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾക്കിടയിൽ വൈറലായി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ. 'മെസി വരില്ല പക്ഷെ നീതും വരും..' എന്ന വരികൾക്കൊപ്പമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ നീതു വിജയന്റെ പോസ്റ്റർ. 'മെസി വന്നിട്ടും നമുക്ക് കാര്യമില്ല, നീതു വന്നിട്ടേ കാര്യമുള്ളു, നീതു വന്നിരിക്കും...' അങ്ങനെ നീളുന്നു സൈബർ ഇടങ്ങളിൽ പോസ്റ്റിനുള്ള കമ്മന്റുകൾ. ഇതിനോടകം ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്ത പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വരുന്നുണ്ട്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നീതു സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകൾ ചർച്ചയായിരുന്നു. ലൈംഗികാരോപണങ്ങൾ രാഹുൽ നിഷേധിച്ചിരുന്നെങ്കിൽ താൻ ഉൾപ്പെടെയുള്ള വനിതാ നേതാക്കൾക്ക് തലയുയർത്തി നടക്കാമായിരുന്നുവെന്ന് അന്ന് നീതു എഴുതിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ നീതു അഞ്ചുവർഷം മുൻപ് ജഗതിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സോഷ്യൽ മീഡിയ ചുവരുകൾ
ഇനി പ്രചാരണ താരം
ജെ.എസ്. ഐശ്വര്യ
തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ പ്രചാരണതാരമാകും. മുഴുവൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും മുമ്പ്തന്നെ പാർട്ടികളുടെ സൈബർ ഗ്രൂപ്പുകൾ സജീവമായി. തിരഞ്ഞെടുപ്പിൽ വിജയപരാജയങ്ങളുടെ ഗതിമാറ്റാൻ സോഷ്യൽ മീഡിയ നിർണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. ചെലവില്ലാതെ നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ ആശയങ്ങൾ ലക്ഷങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയയിലൂടെ മുന്നണികൾക്കാകും.
തിരുവനന്തപുരം വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി നീതു വിജയന്റെ പോസ്റ്റർ ഇന്നലെ ഒറ്റദിവസം കൊണ്ട് കേരളമാകെ ചർച്ചയായി. 'മെസി വരില്ല, പക്ഷേ നീതു വരും" എന്ന ടാഗ് ലൈനാണ് ഹിറ്റായത്. വാട്സആപ്പിലാണ് ഒട്ടുമിക്ക പോസ്റ്റുകളും ജനിക്കുന്നത്. വാട്സ്ആപ്പിൽ പ്രധാന നേതാക്കളുടെ കോർഗ്രൂപ്പുകളും സബ്ഗ്രൂപ്പുകളുമുണ്ട്. ഇവിടെ അപ്രൂവൽ ലഭിക്കുന്ന പോസ്റ്റുകളേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, ത്രെഡ് എന്നിവിടങ്ങളിലിടൂ.
അതിവിശ്വസ്തരാകും ഓരോ ഗ്രൂപ്പിന്റെയും അഡ്മിന്മാർ. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ പ്രായം കണക്കിലെടുത്താണ് പോസ്റ്റുകളുടെ മട്ടും മാതിരിയും തയ്യാറാക്കുന്നത്. 35 വയസിന് മുകളിൽ പ്രായമുള്ളവർ സജീവമായ ഫേസ്ബുക്കിൽ നെടുനീളൻ കുറിപ്പുകൾ പോസ്റ്റ് ചെയ്യും.
അതേസമയം 30 വയസിൽ താഴെയുള്ളവർ ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ വാചാലതയ്ക്ക് ഇടമില്ല. ക്രിസ്പ്പ് ആൻഡ് ക്ലിയർ ആയ കുറുക്കികൊള്ളുന്ന വാചകങ്ങൾ, ചിത്രങ്ങൾ, മീമുകൾ, ട്രോളുകൾ എന്നിവ ഇവിടെ പ്രയോജനപ്പെടുത്തും. സിനിമകളിലെ വൈറൽ ഡയലോഗുകൾ വച്ച് അടിക്കുറിപ്പുകൾ തയ്യാറാക്കും. പോസ്റ്റ് ചെയ്ത ആദ്യ ഒരുമണിക്കൂർ ഗോൾഡൻ അവർ ആണ്. അതിനുള്ളിൽ പരമാവധി ലൈക്കും ഷെയറും കമന്റും ഉറപ്പാക്കാൻ സൈബർ അംഗങ്ങൾക്ക് നിർദ്ദേശമുണ്ട്.
എ.ഐയുമായി പി.ആർ ഏജൻസികൾ
നിർമ്മിത ബുദ്ധിയുടെയും ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെയും സാദ്ധ്യതകളും പി.ആർ ഏജൻസികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിക്ക് വോട്ട് ചോദിച്ച് എ.ഐ സാങ്കേതിക വിദ്യയിലൂടെ ഇ.കെ. നായനാർ എത്തിയിരുന്നു. നിർമ്മിതബുദ്ധിയുടെ സാധ്യതകൾ ഏറെ മുന്നേറിയതോടെ മൺമറഞ്ഞ പ്രമുഖർ പലരും ഇത്തവണ ഇത്തരത്തിൽ വോട്ട് തേടിയേക്കും.
വോട്ട് കൊള്ള:
രാഹുലിന്റെ അടുത്ത
വെളിപ്പെടുത്തൽ ഇന്ന്
ന്യൂഡൽഹി: വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്ന് സൂചന. ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ബീഹാറിലെ ഗയയിലെ വസീർഗഞ്ചിൽ നടന്ന റാലിയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ വോട്ട് കൊള്ള ആരോപണം ഉയർത്തിയിരുന്നു. വോട്ട് കൊള്ളയിൽ ഏർപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി കാട്ടുഭരണം നടപ്പാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.