ss

തിരുവനന്തപുരം: കുട്ടികളുടെ കാഴ്ചപ്പാടിൽ കഥ പറയുന്നില്ലെന്ന് കുറ്റപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി തള്ളിയ ഇ.ജി. ശ്രീകാന്ത് സംവിധാനം ചെയ്ത 'സ്‌കൂൾ ചലെ ഹം" ഫിൻലാൻഡിൽ നടക്കുന്ന നാല്പത്തി നാലാമത്തെ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. 300 ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത എട്ട് ചിത്രങ്ങളുടെ കൂട്ടത്തിലാണ് 'സ്‌കൂൾ ചലെ ഹം". ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം.

കുട്ടികളുടെ ചിത്രത്തിന് അവാർ‌ഡ് നൽകുന്ന കാര്യത്തിൽ കഴിഞ്ഞ തവണത്തെ പോലെ ജൂറി നിഷേധ നിലപാടാണ് കാണിച്ചതെന്ന് സംവിധായകൻ ശ്രീകാന്ത് പറഞ്ഞു. 55 വർഷത്തിൽ ഒരിക്കലെങ്കിലും മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മികച്ച കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് കൊടുത്തില്ല എന്നത് കുട്ടികളുടെ സിനിമകളോടുള്ള അവഗണനയാണ് കാണിക്കുന്നത്. ഫിൻലാൻഡിലെ എല്ലാ സ്‌കൂളുകളിലും 'സ്‌കൂൾ ചലേ ഹം" കാണിക്കും. ഇവിടെ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകൻ അതിൽ കേന്ദ്രകഥാപാത്രത്തിലൊരാളെ അവതരിപ്പിച്ച എട്ടാം ക്ലാസുകാരാൻ സുജയ് കൃഷ്ണയ്ക്ക് സമ്മാനിച്ചത് പുതിയൊരു മൊബൈൽ ഫോൺ.