
നെടുമങ്ങാട്: പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മോചനമാകുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ ബഹുനില കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.12480 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ബഹുനില മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 3868 ചതുരശ്ര വിസ്തീർണ്ണമുള്ള ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി ബ്ലോക്കും ഐ.സി.ടി.ആർ ലാബും പ്രവർത്തിക്കും.ഒന്നാമത്തെ നിലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സർജറി വാർഡും രണ്ടാമത്തെ നിലയിൽ വിവിധ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. മന്ത്രി ജി.ആർ.അനിലിന്റെ 2022-23 എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 4.26 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്.ജില്ലാ ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് കിഫ്ബി ഫണ്ടിൽ നിന്നും 89 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.എഗ്രിമെൻറ്റ് നടപടികൾ സമയബന്ധിതമായിപൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷക്കാലയളവിൽ ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.