
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്രിയിൽ നിന്ന് ഒഴിവാക്കണമെന്ന് സെനറ്റ് പ്രതിനിധിയായ സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ:എ. സാബു ഗവർണർക്ക് കത്ത് നൽകി. തനിക്ക് സെർച്ച് കമ്മിറ്റിയിൽ തുടരാൻ താത്പര്യമില്ലെന്നും ഒഴിവാക്കണമെന്നുമാണ് അഭ്യർത്ഥന. എന്നാൽ സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചത് സെനറ്റ് യോഗമാണെന്നും തനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഗവർണർ ആർ.വി ആർലേക്കർ മറുപടി നൽകി.
അതിനിടെ, സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സംസ്കൃത സർവകലാശാല മുൻ വിസി ഡോ: ധർമ്മരാജ് അടാട്ടിനെ സെനറ്റ് പ്രതിനിധിയായി നേരത്തേ സെനറ്റ് യോഗം നിശ്ചയിച്ചിരുന്നു. അദ്ദേഹം പിൻവാങ്ങിയതിനെ തുടർന്നാണ് ഡോ. സാബുവിനെ തിരഞ്ഞെടുത്തത്. സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ നൽകാത്തതുകൊണ്ട് സർവകലാശാലാ വി.സി നിയമനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്.
വൈസ് ചാൻസിലർ നിയമനത്തിനുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചതിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും.