
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുകൾ ഉടനുണ്ടാവും. പ്രത്യേക അന്വേഷണ സംഘം അതിലേക്കാണ് നീങ്ങുന്നത്. ദേവസ്വം ബോർഡിലെ ഉന്നതർക്ക് കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാർച്ച് 19ന് അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശുപാർശയിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് ബോർഡ് പ്രസിഡന്റായ എൻ.വാസുവായിരുന്നു 2019 മാർച്ച് 31 വരെ ദേവസ്വം കമ്മിഷണർ.
സി.പി.എം പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗം എ.പത്മകുമാർ പ്രസിഡന്റായ അന്നത്തെ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് കട്ടിളപ്പാളി പുറത്തു കൊണ്ടുപോയതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും.സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇതിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചു. ഈ കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. സംശയനിഴലിലുള്ള കൽപ്പേഷ്, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കട്ടിളയിലെ സ്വർണ കവർന്ന കേസിൽ അന്നത്തെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്.