
തിരുവനന്തപുരം: കിഫ്ബി കൂടെയുണ്ടെങ്കിൽ മുന്നിൽ അസാദ്ധ്യം എന്നൊന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നവകേരള നിർമ്മിതിയുടെ വലിയ പങ്കാളിയായിരിക്കും കിഫ്ബി. കിഫ്ബിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുട്ടിന് കീഴെ മുണ്ടുടുക്കാൻ അനുവദിക്കാത്ത,വഴിനടക്കാൻ സമ്മതിക്കാത്ത കാലം കേരളത്തിലുണ്ടായിരുന്നു. അതിന് മാറ്റം വരുത്തി ശ്രീനാരായണഗുരു പറഞ്ഞത് പോലെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്നയിടമാക്കി കേരളത്തെ മാറ്റിയത് നവോത്ഥാനമാണ്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും ഊന്നൽ നൽകി ശ്രീനാരായണഗുരുവും അടിസ്ഥാനൗകര്യമേഖലയിൽ വലിയ മുൻകൈയ്യെടുത്ത ഊരാളുങ്കൽ സൊസൈറ്റി രൂപീകരിച്ച വാഗ്ഭടാനന്ദനും അതിന്റെ ഭാഗമാണ്. നവോത്ഥാനം ശക്തമായിരുന്ന കേരളത്തിൽ അതിന്റെ തുടർച്ച നിന്നുപോയത് സാമ്പത്തിക പ്രതിസന്ധിയാലാണ്. അതിന് പരിഹാരമുണ്ടാക്കിയത് കിഫ്ബിയും. വിദ്യാഭ്യാസം,ഗതാഗതം,ആരോഗ്യം,തൊഴിൽ മേഖലകളിൽ മാറ്റമുണ്ടായി. ശിശുമരണനിരക്കിൽ അമേരിക്കയെ പിന്നിലാക്കി. സർക്കാർ എന്ന് പറയുന്നത് വികസനത്തിനാണ്. അതുണ്ടാക്കിയില്ലെങ്കിൽ ഭാവിതലമുറ കുറ്റപ്പെടുത്തും. എല്ലാപ്രദേശങ്ങളിലും വികസനത്തിന്റെ സ്പർശമുണ്ടാകണം. അതിന് തുടർച്ചയുണ്ടാകണമെങ്കിൽ കിഫ്ബിയും തുടർഭരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി രജതജൂബിലി സ്മരണിക ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നൽകിയും അതിന്റെ ഇംഗ്ളീഷ് പതിപ്പ് റവന്യുമന്ത്രി കെ.ആർ. രാജന് നൽകിയും മാസിക മന്ത്രി ജി.ആർ. അനിലിന് നൽകിയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. രജതജൂബിലി വീഡിയോ,ബോട്ട് സോഫ്റ്റ് വെയർ,കിഫ്ബി മെറ്റാവേഴ്സ് റീലുകൾ എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായി. കിഫ്ബി സി.ഇ.ഒ.യും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം കിഫ്ബി വളർച്ചയുടെ പ്രസന്റേഷൻ നടത്തി.
മന്ത്രി ചിഞ്ചുറാണി,ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,വി.കെ. പ്രശാന്ത് എം.എൽ.എ,ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. കിഫ്ബിയുടെ മികച്ച എസ്.പി.വികളെ ചടങ്ങിൽ ആദരിച്ചു. രജതജൂബിലി ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കിഫ്ബി അഡിഷണൽ സി.ഇ.ഒ.മിനി ആന്റണി ചടങ്ങിൽ സ്വാഗതം പറഞ്ഞു.