കുളത്തൂർ: പൗണ്ട്കടവ് വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി യു.ഡി.എഫിൽ തർക്കം. സീറ്റ് മുസ്ലിം ലീഗിന് നൽകുന്നതുമായി ബന്ധപ്പെട്ടാണിത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ആദ്യത്തെ രണ്ട് ലിസ്റ്റിലും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സീറ്റ് മുസ്ലിം ലീഗിന് കൈമാറിയാൽ പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഭീഷണി മുഴക്കിയെന്നാണ് വിവരം.
നിലവിലെ കൗൺസിലർ മേടയിൽ വിക്രമന്റെ പേരാണ് ഇടതുപക്ഷത്തിന്റെ പ്രഥമ പരിഗണനയിലുള്ളത്. എന്നാൽ വേളി ഉൾപ്പെടുന്ന തീരദേശ മേഖലയിൽ നിന്ന് സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അടക്കമുള്ളവർ ചർച്ച നടത്തി വൈകാതെ തീരുമാനമെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ബി.ജെ.പി ഇതുവരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് മുന്നണികളുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സർപ്രൈസ് സ്ഥാനാർത്ഥി ഉണ്ടാകുമെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.