ddd

തിരുവനന്തപുരം: കവടിയാർ പൈപ്പ് ലൈൻ റോഡിലും മൺവിള ജംഗ്ഷന് സമീപവും പൈപ്പ് ലൈൻ പണി തുടങ്ങിയതോടെ നഗരത്തിൽ മിക്കയിടത്തും കുടിവെള്ള ക്ഷാമം. 22ഓളം വാർഡുകളിൽ മൂന്ന് ദിവസമായി വെള്ളം കിട്ടുന്നില്ല.

കവടിയാർ പൈപ്പ് ലൈൻ റോഡിൽ 900 എം.എം പി.എസ്.സി പൈപ്പിലും മൺവിള ജംഗ്ഷന് സമീപത്ത് 600 എം.എം പി.എസ്.സി പൈപ്പിലുമാണ് ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലി നടക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ പണി ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. തുടർന്ന് വിതരണം പുനഃസ്ഥാപിച്ചെങ്കിലും എല്ലായിടത്തും വെള്ളമെത്തി തുടങ്ങിയിട്ടില്ല. ഇന്ന് ഉച്ചയോടെ ജലവിതരണം പൂർവ സ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചിടങ്ങളിലാണ് പൈപ്പ് പൊട്ടലും ചോർച്ചയും കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തിയത്. മെഡിക്കൽ കോളേജ്- ഉള്ളൂർ റോഡിലും അട്ടക്കുളങ്ങര സ്മാർട്ട് റോഡിലും പാങ്ങോട്- ഇടപ്പഴഞ്ഞി റോഡിലും തിരുമല-പൂജപ്പുര റോഡിലും അറ്റകുറ്റപ്പണി നടത്തിയിരുന്നു. പേട്ട,കണ്ണമ്മൂല,ശ്രീകാര്യം,പോങ്ങുംമൂട് എന്നിവിടങ്ങളിലും അടുത്തിടെ അറ്റകുറ്റപ്പണികൾക്കായി ജലവിതരണം നിറുത്തിവച്ചിരുന്നു.

ഈ സമയത്തെല്ലാം പ്രധാന വാൽവുകളടച്ചാണ് പണി നടത്തിയത്. ഇതുമൂലം നഗരത്തിലെ മിക്കയിടത്തും കുടിവെള്ളം ലഭിച്ചിരുന്നില്ല. അടിക്കടിയുള്ള പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയും കാരണം ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.