agriculture

ചിറയിൻകീഴ്: വലിയ ഏലാപാടശേഖരത്തിൽ കൊയ്യാനാകാതെ കിടന്ന നെൽകൃഷി കൊയ്ത് തുടങ്ങിയെങ്കിലും വിളവെല്ലാം നശിച്ച് കർഷകർ ദുരിതത്തിൽ. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 25 ഹെക്ടറിലധികം വരുന്ന സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറുമേനി വിളവുണ്ടായെങ്കിലും സമയത്ത് കൊയ്ത്ത് യന്ത്രം ഉപയോഗിക്കാനായില്ല. കാലവർഷവും കർഷകർക്ക് തിരിച്ചടിയായി. മഴയിൽ പാടശേഖരത്ത് വെള്ളം കയറിയതോടെ 10 ഹെക്ടറിലധികം സ്ഥലത്തെ 35 ടൺ നെല്ലാണ് യന്ത്രം ഉപയോഗിക്കാനാകാതെ നശിക്കുന്നത്. ഇതിൽ 10 ടണ്ണെങ്കിലും കൊയ്തെടുക്കാനുളള ശ്രമത്തിലാണ് കർഷകർ. എന്നാലും എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടു തവണ കൊയ്ത്ത് യന്ത്രം പാടത്ത് എത്തിച്ചെങ്കിലും വെള്ളവും ചെളിയും കാരണം യന്ത്രത്തിന് നീങ്ങാനായില്ല.

കൊയ്ത്ത് യന്ത്രം ആദ്യം ബുക്ക് ചെയ്തിരുന്ന സമയത്ത് യന്ത്രത്തകരാറ് സംഭവിച്ചതും തിരിച്ചടിയായി. പാടത്തിന് മധ്യഭാഗത്തുകൂടി വാമനപുരം നദിയിലേക്കൊഴുകുന്ന തോടിലൂടെ വെള്ളം ഒഴുക്കിവിടാനാകാത്തതും ബുദ്ധിമുട്ടായി. 15 ഹെക്ടറിലെ വിളവ് കൊയ്തെങ്കിലും യഥാസമയം സപ്ലൈകോ നെല്ല് സംഭരിക്കാതായതോടെ മഴയിൽ കുതിർന്ന് മൂന്ന് ടണ്ണിലധികം നശിച്ചതായും കർഷകർ പറയുന്നു. നെല്ലിന്റെ താങ്ങുവില 30 രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.